ഇരിങ്ങൽ: (vatakaranews.in) ലോകത്തിന്റെ നാനാകോണിലെയും കലയും കരവിരുതും ലോകസംസ്ക്കാരങ്ങളും സമന്വയിക്കുന്ന വർണ്ണ, രൂപ, ശബ്ദ സൗകര്യങ്ങളുടെ വിസ്മയലോകം കാണാൻ സർഗാലയയിൽ തിരക്കേറുന്നു.
ഇരിങ്ങൽ സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ആരംഭിച്ച സർഗാലയ രാജ്യാന്തര കലാ-കരകൗശലമേള (സിയാഫ് - SIACF)യുടെ 11-ാം എഡിഷനിൽ അഞ്ഞൂറിലേറെ കരകൗശലകലാകാരൻമാരും, അവരുടെ എണ്ണമറ്റ സർഗ്ഗസൃഷ്ടികളും അണിനിരന്നിരക്കുന്നു.
ക്ലാസിക്കൽ, പാരമ്പര്യ നൃത്തങ്ങൾ മുതൽ കൺടെമ്പററി, ഹിപ്-ഹോപ് ബോളിവുഡ് നൃത്തങ്ങൾ വരെ, മ്യൂസിക് ബാൻഡുകൾ, പിന്നണിഗാനമേള, മാപ്പിളപ്പാട്ട്, നാടൻപാട്ട്, ക്ലാസിക്കൽ സംഗീതം, ഗസൽ, ഇശൽ വിരുന്ന്, മെഹഫിൽ രാത്, തബലയിൽ ലയതരംഗം, സിത്താർ-വയലിൻ ജുഗൽബന്ദി, നൃത്തനാടകമടക്കം അഞ്ചു നാടകങ്ങൾ, മാജിക്, കോമഡി ഷോ തുടങ്ങിയ വൈവിദ്ധ്യമാർന്ന കലാരൂപങ്ങളും ഓരോ സായാഹ്നത്തെയും ഉത്സവസുരഭിലം ആക്കും.
ലോകത്തിന്റെ വ്യത്യസ്തകോണുകളിലെ കരകൗശലകലയുടെയും സംസ്ക്കാരത്തിന്റെയും സമ്പന്നമായ പാരമ്പര്യം വരച്ചുകാട്ടുന്ന മേളയിൽ ബംഗ്ലാദേശ്, ഈജിപ്റ്റ്, ജോർദാൻ, നേപ്പാൾ, റഷ്യ, ശ്രീലങ്ക, സിറിയ, ടുണീഷ്യ, ഉസ്ബെക്കിസ്ഥാൻ, ഉഗാൻഡ എന്നീ 10 രാജ്യങ്ങളിൽനിന്നുള്ള കലാകാരരും 20 ഇൻഡ്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 400 കരകൗശലവിദഗ്ദ്ധരും സർഗാലയയിലെ നൂറു സ്ഥിരം കലാകാരരും അണിചേരുന്നു.
വൈവിദ്ധ്യങ്ങളും കരകൗശലമികവും സർഗ്ഗാത്മകതയുംകൊണ്ടു സമ്പന്നമായ സൃഷ്ടികളുടെ മനോഹരലോകം ആസ്വദിക്കാനും ലോകപൈതൃകമുദ്രകളിൽ ചിലതെങ്കിലും സ്വന്തമാക്കാനുമുള്ള അത്യപൂർവ്വ അവസരമായ 18 ദിവസത്തെ ഈ ഉത്സവം മറ്റെല്ലാ പ്രദർശനങ്ങളിൽനിന്നും വേറിട്ട അനുഭവം സമ്മാനിക്കുന്നു.
ദക്ഷിണേൻഡ്യയിലെ ഏറ്റവും വലിയ ഈ കരകൗശലകലാമേള ഇൻഡ്യൻമേളകളിൽ പലനിലയ്ക്കും തനിമയാർന്നതാണ്. മേളയുടെ ഭാഗമായി ഭക്ഷ്യമേളയും ദിവസവും കലാസന്ധ്യകളും ഒക്കെയുണ്ട്.
ഇൻഡ്യാഗവണ്മെന്റിന്റെ ടൂറിസം, ടെക്സ്റ്റൽ മന്ത്രാലയങ്ങളുടെയും കേരള ടൂറിസം വകുപ്പിന്റെയും നബാർഡിന്റെയും സഹകരണത്തോടെയും കേരള വനം വന്യജീവി വകുപ്പിന്റെ പിന്തുണയോടെയും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉപസ്ഥാപനമായ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിച്ചിരിക്കുന്ന മേളയിൽ ശ്രീലങ്കയാണ് ഇക്കുറി പങ്കാളിരാജ്യം.
എസ്തോണിയയിലെ റ്റാലിനിൽ നടന്ന ‘ഗ്രീൻ ഡെസ്റ്റിനേഷൻ കോൺഫറൻസി’ൽ സുസ്ഥിരതയുടെ മികച്ച കഥകൾ പറയുന്ന ലോകത്തെ 100 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെടുകയും ലോകത്തെ ഏറ്റവും വലിയ ടൂറിസം ഫെയർ ആയ ഐറ്റിബി ബെർലിൻ 2024-ൽ പ്രഖ്യാപിക്കുന്ന ഐറ്റിബി അവാർഡിനു മത്സരിക്കാൻ യോഗ്യത നേടുകയും ചെയ്തതിന്റെകൂടി നിറവിലാണ് സർഗാലയ ലോകമേളയ്ക്കു വേദിയൊരുക്കുന്നത്.
#Overcrowding #Many #people #want #explore #diverse #world #handicrafts