വടകര: (vatakara.truevisionnews.com) പൂവാടൻഗേറ്റ് അടിപ്പാതയിലെ ദുരിതം അകറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് സമരത്തിലേക്ക്. അടിപ്പാതക്കു മുകളിൽ റൂഫിങ്, ഇലക്ട്രിക്കൽ വർക്ക് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റയിൽവേ സബ് ഡിവിഷൻ ഓഫീസിനു മുന്നിൽ ധർണ നടത്താൻ താഴെഅങ്ങാടി കോൺഗ്രസ് യോഗം തീരുമാനിച്ചത്.
ഒരു കോടിയുടെ എസ്റ്റിമേറ്റിൽ തുടങ്ങിയ വർക്ക് നാലു കോടിയിലേറെ ചെലവായി. മഴക്കാലം ആയാൽ വെള്ളം നിറയുകയാണ്. ഇവിടെ മോട്ടോർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉപകാരപ്രദമാകുന്നില്ല. ഇത് കാരണം ആവിക്കൽ, കുരിയാടി, കസ്റ്റംസ്‌റോഡ് പ്രദേശത്തെ നിരവധി ആളുകൾ ഏറെ പ്രയാസമനുഭവിക്കുകയാണ്.


നാട്ടുകാർക്ക് ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നെങ്കിലും മഴപെയ്തതോടെ അടിപ്പാത വെള്ളത്തിൽ മുങ്ങുകയായിരുന്നു . പ്രദേശവാസികൾ റെയിൽവേ പാത മുറിച്ച കടന്നാണ് ഇപ്പോൾ മറുപുറം പോകുന്നത്.
കാൽനട യാത്ര പോലും സാധിക്കാത്ത രീതിയിൽ ഇവിടെ വെള്ളം പൊങ്ങിയിട്ടുണ്ട്.2021 മാർച്ച് 31 നാണ് ഇവിടെയുണ്ടായിരുന്ന ലെവെൽക്രോസ്സ് അടിപ്പാത നിർമാണത്തിനായി പൂട്ടിയത്. ഒരു വർഷം കൊണ്ട് അടിപ്പാത നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും .പ്രവർത്തി നീളുകയായിരുന്നു.
വ്യക്തമായ പഠനം നടത്താതെയും സോയിൽ ടെസ്റ്റ് നടത്താതെയും നിർമിച്ച അണ്ടർ പാസ്സ്, പ്രദേശത്തുകാർക്ക് ഒരു ദുരന്തം തന്നെയാണ് റെയിൽവേ സമ്മാനിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സമരത്തിനിറങ്ങാനുള്ള കോൺഗ്രസ് തീരുമാനം. യോഗത്തിൽ കെ.എം.പി ഹാരിസ് അധ്യക്ഷത വഹിച്ചു. കെ.പി അബ്ബാസ്, കെ.പി നജീബ്, മീത്തൽ നാസർ, ടി.പി രാജീവൻ, പെരിങ്ങാടി മുഹമ്മദ് ഹാജി, ടി.കെ അസീസ് എന്നിവർ പ്രസംഗിച്ചു.
Waterlogging on the Poovadan gate underpass Congress to protest