അഴിയൂർ: (vatakaranews.in) ഭവന നിർമ്മാണത്തിന് 2.45 കോടി രൂപയും കാർഷിക ഉത്പാദന മേഖലയിൽ 1.92 കോടി രൂപയും സമഗ്ര കായിക വികസനത്തിന് 1.1 കോടി രൂപയും വകയിരുത്തിയുള്ള ബജറ്റ് അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു.


26.78 കോടി രൂപ വരവും 26.47 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അവതരിപ്പിച്ചു. ചോമ്പാല സ്റ്റേഡിയത്തിന്റെ മുഖച്ഛായ മാറ്റി കായികപ്രേമികളുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള സമഗ്ര കായിക വികസനം എന്ന പദ്ധതി പ്രധാന പദ്ധതിയായി നടപ്പിലാക്കും.
ബഡ്സ് സ്കൂൾ നിർമ്മാണത്തിന് 37.5 ലക്ഷം രൂപയും, ടേക്ക് ബ്രേക്ക് എന്ന വഴിയോര വിശ്രമകേന്ദ്ര നിർമ്മാണത്തിന് 20 ലക്ഷം രൂപയും, അഴിയൂർ ഗ്രാമപഞ്ചായത്തിനെ പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതിന് 10 ലക്ഷം രൂപ, പൊതുകുളം നിർമ്മാണത്തിന് 10 ലക്ഷം രൂപ, അംഗൻവാടി കെട്ടിട നിർമ്മാണത്തിന് 35 ലക്ഷം രൂപ , വനിതാ ശിശു ക്ഷേമത്തിന് 43.75 ലക്ഷം രൂപ, ഭിന്നശേഷിക്കാർക്ക് വേണ്ട ഉപകരണങ്ങൾ വാങ്ങുന്നതിന് 10 ലക്ഷം രൂപ, ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിന് 18 ലക്ഷം രൂപ,വയോജനങ്ങൾക്ക് 7.5 ലക്ഷം രൂപ,കെട്ടിട നിർമ്മാണത്തിന് 95.5 ലക്ഷം രൂപ,റോഡ് മെയിന്റനൻസിന് 74.5 ലക്ഷം രൂപ, റോഡ് നിർമ്മാണത്തിന് 91 ലക്ഷം രൂപ എന്നിങ്ങനെയും വകയിരുത്തി.
അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദ സദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ,എസ്, വാർഡ് മെമ്പർമാർ എന്നിവർ സംസാരിച്ചു.
#Azhiyur #GramaPanchayath #Budget #crore #housing #construction #crore #agricultural #production #sector