വടകര: (vatakaranews.com) യുഎഇയിലും ഖത്തറിലും കണ്ടത് വടകരയുടെ പരിഛേദമെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. പാലക്കാട്ടുനിന്ന് വടകരയിൽ മത്സരിക്കാനായി എത്തിയപ്പോൾ എങ്ങനെയായിരുന്നു വോട്ടർമാർ സ്വീകരിച്ചത് അതുപോലെത്തന്നെയാണ് യുഎഇയിലെയും ഖത്തറിലെയും വടകരക്കാർ സ്വീകരിച്ചത്.


താൻ പ്രതീക്ഷിച്ചതിലും വലിയ ആവേശോജ്ജ്വമായ സ്വീകരണമാണ് ലഭിച്ചത്. വടകര മണ്ഡലത്തിലെ ഒരു പ്രധാന വിഭാഗമാണ് പ്രവാസികൾ. വളരെ കഠിനമായി വിദേശത്ത് അധ്വാനിച്ച് കുടുംബം പുലർത്തുന്നതിൽ ആനന്ദം കണ്ടെത്തുന്ന അവരെ നേരിൽക്കണ്ട് ആദരവ് അറിയിച്ച് വോട്ട് ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ഇക്കാര്യം പാർട്ടിയിലും മുന്നണിയിലും അവതരിപ്പിച്ചപ്പോൾ അംഗീകാരം ലഭിക്കുകയായിരുന്നു. അങ്ങനെയാണ് ഷാർജയിലെയും ദോഹയിലെയും പൊതുപരിപാടികളിൽ പങ്കെടുത്തത്. സാമ്പത്തിക സ്ഥിതി അനുവദിക്കുന്നുവെങ്കിൽ നാട്ടിൽവന്ന് വോട്ട് ചെയ്യണമെന്ന് പ്രവാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അതുപോലെ അവധിക്കാലത്ത് വിദേശത്തേക്ക് പോകുന്ന കുടുംബങ്ങളോട് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമേ പോകാവൂ എന്നും അഭ്യർഥിച്ചിട്ടുണ്ട്. കാരണം അതിനിർണായകമായ ഒരു തെരഞ്ഞെടുപ്പിനെയാണ് നമ്മൾ നേരിടാൻ പോകുന്നത്. ഈ തിരഞ്ഞെടുപ്പിൽ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ യുഡിഎഫിന് ആവശ്യമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
#seen #Sharjah #Doha #Requested #vote #ShafiParampil