വടകര : (vatakaranews.com) ഗ്രാമവീഥികളെ ചെമ്പട്ടണിയിച്ച് വടകര ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജക്ക് ഊഷ്മള വരവേൽപ് ഒരുക്കി നാട്. ദുരിത നാളുകളിൽ നാടിന് കവചമൊരുക്കിയ പേരാളിയെ കാണാനും അഭിവാദ്യവർപ്പിക്കാനുമായി നൂറ് കണക്കിന് പേരാണ് ഒരോ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയത്. മന്ത്രിയാപ്പോഴും ജനപ്രതിനിധിയായപ്പോഴും നാടിനെ ചേർത്തു പിടിച്ചപൊലെ ലോക്സഭയിൽ നാടിനായി പോരാടുമെന്ന ടീച്ചറുടെ വാക്കുകൾ കുറച്ചൊന്നുമല്ല നാട്ടുകാർക്ക് ആശ്വാസമേകുന്നത്.


ശനി രാവിലെ മന്തരത്തൂർ വായനശാല പരിസരത്തായിരുന്നു കെ കെ ശൈലജയുടെ കുറ്റ്യാടി മണ്ഡലത്തിലെ ആദ്യ സ്വീകരണ പരിപാടി. രാവിലെ മുതൽ തന്നെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ടീച്ചറെ സ്വീകരിക്കാനെത്തി. ചങ്ങരോത്ത് താഴയിലും ചെല്ലട്ടുപൊയിലിലെ സ്വീകരണ കേന്ദ്രമായ ഫീനിക്സ് ബസ് സ്റ്റോപ്പിനു സമീപവും വർണ ബലൂണുകളും പൂക്കളുമായി സ്ഥാനാർഥിക്ക് ഹൃദ്യമായ വരവേൽപ്പ് നൽകി.
പര്യടനത്തിനിടയിൽ നടുവയലിൽ ഡിവൈഎഫ്ഐ യുടെ ഹൃദയപൂർവ്വം പദ്ധതിയിൽ പതിയാരക്കര മേഖല കമ്മിറ്റിയുടെ മെഡിക്കൽ കോളേജിലേക്ക് പൊതിച്ചോറുമായുള്ള വാഹനം കെ കെ ശൈലജ ഫ്ലാഗ് ഓഫ് ചെയ്തു. മുടപ്പിലാവിൽ നോർത്തിൽ സ്വീകരണത്തിനു ശേഷം കാവിൽ റോഡിൽ നാസിക് ഡോൾ സംഗീത വാദ്യത്തോടെ സ്ഥാനാർഥിയെ എതിരേറ്റു. ഉച്ചവെയിലിൻ്റ കാഠിന്യമൊന്നും ഏശാതെ മയ്യന്നൂരിലെയും കിസാനിലെയും വള്ള്യാട്ടെയും സ്വീകരണ കേന്ദ്രങ്ങൾ ജനനിബിഡമായി.
തട്ടോണ്ടി, തറോപൊയിൽ, കുറ്റ്യാടി, കക്കട്ട്, പള്ളിയത്ത് കേളോത്ത് മുക്ക് അരൂര് കടമേരി കുരിങ്ങാട, കല്ലേരി തുടങ്ങിയ സ്വീകരണങ്ങൾക്ക് ശേഷം ചെമ്മരത്തൂരിൽ സമാപിച്ചു. സമാപന പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, കെ കെ ദിനേശൻ, ടി പി ഗോപാലൻ, കെ പുഷ്പജ, കൂടത്താം കണ്ടി സുരേഷ്, കെ കെ സുരേഷ്, പി സുരേഷ് ബാബു, കെ പി പവിത്രൻ, ആയാടത്തിൽ രവീന്ദ്രൻ എന്നിവർ സ്ഥാനാർഥിക്ക് ഒപ്പമുണ്ടായി.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ എം ബാബു, കെ വാസു, ടി കെ രാഘവൻ, കെ രാഘവൻ, സി എച്ച് ഹമീദ്, ജയപ്രകാശ്, പി സി ഷൈജു, ടി കെ മോഹൻദാസ്, കെ പി ചന്ദ്രി, കെ പി ശ്രീജിത്ത്, മുഹമ്മദ് കക്കട്ടിൽ, അഡ്വ. ബിനൂപ്, റീന സുരേഷ്, കെ എം ബാബു, വിനോദ് ചെറിയത്ത്, നിധിൻ കെ വൈദ്യർ, തായന ശശി തുടങ്ങിയവർ സംസാരിച്ചു
#warm #welcome #warm #welcome #KKShailaja #lining #village #streets