---
title: "#RevolutionaryYouth | ടി.പി കേസ് പ്രതികൾ സത്യം വിളിച്ചു പറഞ്ഞാൽ ഉരുളുന്ന തലയെ ജനവിധി കൊണ്ടൊന്നും പഠിപ്പിക്കാനും, തിരുത്തിക്കാനും കഴിയില്ല -റവല്യൂഷണറി യൂത്ത്"
english_title: "#TP #case #accused #speak #the #truth #the #rolling #head #cannot #taught #corrected  #popular #vote #Revolutionary #Youth"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/214134/tp-case-accused-speak-the-truth-the-rolling-head-cannot-taught-corrected-popular-vote-revolutionary-youth-new"
published_at: "2024-06-22T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676ffa3bcea6_youth.jpg"
keywords: []
---

# #RevolutionaryYouth | ടി.പി കേസ് പ്രതികൾ സത്യം വിളിച്ചു പറഞ്ഞാൽ ഉരുളുന്ന തലയെ ജനവിധി കൊണ്ടൊന്നും പഠിപ്പിക്കാനും, തിരുത്തിക്കാനും കഴിയില്ല -റവല്യൂഷണറി യൂത്ത്

> **Lead Summary:** **വടകര :[**ടി.പി കേസ് പ്രതികളുടെ ഭീഷണിക്ക് വഴങ്ങി കോടതിയെയും നിയമത്തെയും കാറ്റിൽ പറത്തി കൊലയാളികളെ പുറത്തിറക്കിയാൽ പ്രതികൾക്ക് നാട് ആഗ്രഹിക്കുന്ന ശിക്ഷ ജനങ്ങൾ നൽകുമെന്ന് റവല്യൂഷണറി യൂത്ത് പ്രസ്താവനയിൽ വ്യക്തമാക്കി.

## Article Content

**വടകര :[**ടി.പി കേസ് പ്രതികളുടെ ഭീഷണിക്ക് വഴങ്ങി കോടതിയെയും നിയമത്തെയും കാറ്റിൽ പറത്തി കൊലയാളികളെ പുറത്തിറക്കിയാൽ പ്രതികൾക്ക് നാട് ആഗ്രഹിക്കുന്ന ശിക്ഷ ജനങ്ങൾ നൽകുമെന്ന് റവല്യൂഷണറി യൂത്ത് പ്രസ്താവനയിൽ വ്യക്തമാക്കി.

പച്ച മനുഷ്യനെ 51 ആയി വെട്ടിനുറുക്കിയ കൊടും ക്രിമിനലുകൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന കോടതി വിധിയുണ്ടായിട്ടും, തിരഞ്ഞെടുപ്പിൽ പാർട്ടിയും സർക്കാരും അമ്പേ പരാജയപ്പെട്ടിട്ടും പിണറായിക്ക് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ തോന്നിയിട്ടുണ്ടെങ്കിൽ അതിനു പിന്നിലെ പ്രതികളുടെ സമ്മർദ്ദ സ്വാധീനം എത്രമാത്രമാണെന്ന് വ്യക്തമാണ്.

ടി.പി കേസ് പ്രതികളുടെ ഔദാര്യത്തിലാണ് പിണറായി ഭരണം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ തീരുമാനം. ടി.പി കേസ് പ്രതികൾ സത്യം വിളിച്ചു പറഞ്ഞാൽ ഉരുളുന്ന തലയെ ജനവിധികൊണ്ടൊന്നും പഠിപ്പിക്കാനും തിരുത്തിക്കാനും കഴിയില്ല.

എകെജിയും, കൃഷ്ണപ്പിള്ളയും,മണ്ടോടി കണ്ണനും ഉൾപ്പെടെയുള്ള നൂറുകണക്കിന് കമ്യൂണിസ്റ്റ് മനുഷ്യസ്നേഹികൾ ജീവനും ജീവിതവും കോർത്തു തുന്നിയ പാവപ്പെട്ടവൻ്റെ ചെങ്കൊടിയെ കൊലയാളികളുടേയും,

കൊട്ടേഷൻ ക്രിമിനലുകളുടേയും കൊലച്ചോരയ്ക്ക് മറ തീർക്കാനുള്ള ഉടുമുണ്ടാക്കി മാറ്റിയ പിണറായി വിജയനുൾപ്പെടെയുള്ള അഭിനവ സിപിഎം കള്ള നാണയ നേതൃത്വത്തെ ഇന്നും കമ്യൂണിസ്റ്റ് നന്മകൾ നെഞ്ചേറ്റുന്ന ഒരു ജനത ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിൽ വലിച്ചെറിയുന്ന കാലം വിദൂരമല്ല.

നിയമ സംവിധാനങ്ങളെ അട്ടിമറിച്ച് കൊലയാളികൾക്ക് പരവതാനി വിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ ജനം അർഹിക്കുന്ന മറുപടി നൽകുമെന്നും റവല്യൂഷണറി യൂത്ത് പ്രസ്താവനയിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/214134/tp-case-accused-speak-the-truth-the-rolling-head-cannot-taught-corrected-popular-vote-revolutionary-youth-new)