കുരിക്കിലാട്: (vatakara.truevisionnews.com)ചരളിൽ മുക്ക്- ചോറോട് ഹൈസ്കൂൾ റോഡിനോടുള്ള അവഗണനക്കെതിരെ സമരത്തിനൊരുങ്ങി സോഷ്യലിസ്റ്റ് കൂട്ടായ്മ.
ചോറോട് ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിലെ ചരളിൽ മുക്കിൽ നിന്നും ആരംഭിച്ച് ചോറോട് ഗവ: ഹൈസ്കൂൾ വരെ സുമാർ തൊള്ളായിരം മീറ്ററോളം നീളത്തിലുള്ള പഞ്ചായത്ത് റോഡാണ് പൊതുജനത്തിന് കാൽനട യാത്രപോലും ചെയ്യാൻ കഴിയാത്ത വിധം അപ്പാടെ തകർന്ന് കിടക്കുന്നത്.
ചോറോട് ഹയർസെക്കൻ്ററി സ്കൂൾ, ഗോകുലം പബ്ലിക് സ്കൂൾ, വടകര കോ ഓപ്പറേറ്റീവ് കോളേജ്, മേഴ്‌സി ബി എഡ് കോളേജ് എന്നിങ്ങനെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ജില്ലയുടേയും പുറത്തേയും വിവിധങ്ങളായ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ജീവനക്കാരും പ്രതിദിനം വരികയും പോവുകയും ചെയ്യുന്ന പ്രധാന റോഡാണ് ഇത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് റോഡിലെ കോ ഓപ്പറേറ്റീവ് കോളേജ് ഗേറ്റിന് മുന്നിൽ നിന്നും തുടങ്ങി താഴോട്ട് ഏതാണ്ട് അമ്പത് മീറ്ററോളം ഭാഗം കോൺക്രീറ്റ് ചെയ്ത് നന്നാക്കിയതൊഴിച്ചാൽ ശേഷിക്കുന്ന ഭാഗത്തെവിടെയും നേരത്തെ റോഡിലുണ്ടായിരുന്ന ടാർ പോലും കാണാൻ കഴിയാത്ത വിധം തകർന്ന് കിടക്കുകയാണ്.
മാത്രമല്ല ഈ റോഡിന് അരികിലായി സ്ഥിതിചെയ്യുന്ന ചോറോട് പഞ്ചായത്ത് മെറ്റീരിയൽ കലക്ഷൻ സെന്റർ മുതൽ ചോറോട് ഗവ: ഹയർ സെക്കൻ്ററി സ്കൂൾ വരെയുള്ള ഭാഗം ഏതാണ്ട് ഇരുന്നൂറ് മീറ്റർ ദൂരം റോഡ് ടാർ ചെയ്യാതെ ചെമ്മൺ പാതയായി റോഡിന് തുടർച്ചയില്ലാത്ത നിലയിലാണ്.
ചോറോട് പഞ്ചായത്ത് എം സി എഫ് സെൻ്ററും അംഗനവാടിയും, പഞ്ചായത്ത് വനിതാ വ്യവസായ കേന്ദ്രവും ഉൾപ്പടെ അനവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പഞ്ചായത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു റോഡിന്റെ ശോചനീയ അവസ്ഥയാണിത്.
മുമ്പ് എം കെ പ്രേനാഥ് എം എൽ എ ആയിരിക്കെ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡിൻ്റെ ആദ്യഘട്ടം നിർമ്മിച്ചത്.
പരിസരവാസികളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നിരവധിവട്ടം അധികൃതർ മുമ്പാകെ പരാതികളുന്നയിച്ചിട്ടും ഈ റോഡ് പ്രവൃത്തി പൂർത്തീകരിച്ച് സഞ്ചാര യോഗ്യമാക്കാൻ പഞ്ചായത്ത് അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല.
ജലനിധി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിൻ്റെ പേര് പറഞ്ഞാണ് കഴിഞ്ഞ കുറച്ചു കാലമായി പഞ്ചായത്ത് അധികൃതർ റോഡ് പ്രവൃത്തി നടത്താത്തതിൻ്റെ ന്യായവാദം കണ്ടെത്തിയത്.
എന്നാൽ അങ്ങാടിമലയിലെ ജലനിധി ടാങ്കിലേക്കുള്ളതും തിരിച്ച് വീടുകളിലേക്ക് വിതരണത്തിനുമുള്ളതായ പൈപ്പുകൾ റോഡിൽ കുഴിയെടുത്ത് സ്ഥാപിച്ചിട്ടുതന്നെ ഇപ്പോൾ മൂന്നു മാസത്തിലേറെയായി.
വെട്ടിപ്പൊളിഞ്ഞ് കാൽനടക്കാർക്ക് നടക്കാൻ പോലും കഴിയാത്ത വിധമായിത്തീർന്ന ഈ റോഡ് അടിയന്തിരമായി പ്രവൃത്തി പൂർത്തീകരിച്ച് റീ ടാർ ചെയ്യണമെന്ന് കുരിക്കിലാട്- പുത്തൻതെരു സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ അധികൃതരോട് ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം ആർ ജെ ഡി യും കൂടി ചേർന്ന് ഭരണം നടത്തുന്ന ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ മുന്നണി ബന്ധം നോക്കാതെ പരസ്യമായ സമരത്തിലേക്കിറങ്ങാൻ നാളോൻ്റവിട മീത്തൽ വെച്ചു നടന്ന സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ യോഗം തീരുമാനിച്ചു.
ആർ ജെ ഡി എട്ടാം വാർഡ് പ്രസിഡണ്ടും മുതിർന്ന നേതാവുമായ എം പി അശോകൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്‌തു.
ആർ ജെ ഡി ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് നാഗപ്പള്ളി അധ്യക്ഷത വഹിച്ചു.
എൻ എം പ്രകാശൻ, ഗംഗാധരൻ ചിങ്ങൻ്റവിട, ഗിരീഷ് കുന്നോത്ത്, എൻ എം പ്രസാദ്, വട്ടക്കണ്ടി പ്രദീപൻ, ശശി നല്ലൂർ, രജീഷ് പയനുള്ള പറമ്പത്ത്, എൻ എം വിനോദൻ, മോഹൻ സി വടകര, എം എം ഷീബ ടീച്ചർ, പി ടി തങ്കമണി, എൻ എം സുമിഷ, ഉഷ വിനോദ്, സിൽന കുന്നോത്ത് എന്നിവർ സംസാരിച്ചു.
#Neglect #CharalilMuk #Chorod #High #School #Road #Socialist #group #prepares #strike