വടകര: (vatakara.truevisionnews.com) ഓർക്കാട്ടേരിയിലെ കച്ചേരി മൈതാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഏറാമല പഞ്ചായത്തിലെ കലാകായിക സാംസ്‌കാരിക പ്രവർത്തകരും ചേർന്ന് മൈതാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 20ന് മൈതാന സംരക്ഷണ വലയം തീർക്കുമെന്ന് എൽഡിഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


വയോജനങ്ങളെ കരുവാക്കി മൈതാനം കയ്യേറി കെട്ടിടം പണിയാനുള്ള പഞ്ചായത്തിന്റെ തീരുമാനം ജനങ്ങളെ അണിനിരത്തി നേരിടുമെന്നും വയോജനങ്ങൾക്ക് വിനോദ വിശ്രമ കേന്ദ്ര സ്ഥാപിക്കുന്നതിന് ആരും എതിരല്ലെന്നും ഭാരവാഹികൾ പറഞ്ഞു.
വയോജന കേന്ദ്രം സൗകര്യപ്രദമായ സ്ഥലത്ത് മെച്ചപ്പെട്ട നിലയിൽ സ്ഥാപിക്കണം.
പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ തന്നെ ഏറ്റവും അനുയോജ്യമായ സ്ഥലം ഉണ്ടെന്നിരിക്കെ മൈതാനം വിപുലപ്പെടുത്തി സംരക്ഷിക്കുകയാണ് വേണ്ടതെന്നും ഇവർ പറഞ്ഞു.
സ്വാതന്ത്ര്യ സമര പ്രക്ഷോഭം പോലുള്ള ഒട്ടേറെ സാമൂഹ്യ, രാഷ്ട്രീയ കലാ-കായിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഊർജം പകർന്ന കച്ചേരി മൈതാനത്ത് വെച്ചാണ് ചരിത്ര പ്രസിദ്ധമായ ഓർക്കാട്ടേരി ചന്തയും വർഷങ്ങളായി നടന്നു വരുന്നത്.
കച്ചേരി മൈതാനത്തെ ഇല്ലാതാക്കാനുള്ള ഏറാമല പഞ്ചായത്ത് ഭരണ സമിതിയുടെ തെറ്റായ നിലപാടിനെതിരെ പഞ്ചായത്തിലെ കായിക താരങ്ങൾ ഉൾപ്പടെയുള്ളവരുടെ പിന്തുണയുണ്ടെന്നും ഇവർ വ്യക്തമാക്കി.
20 ന് വൈകിട്ട് അഞ്ചു മണിക്ക് കച്ചേരി മൈതാനത്ത് നടക്കുന്ന സംരക്ഷണ വലയം തീർക്കൽ സിനിമാ നടൻ അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ സംരക്ഷണസമിതി ചെയർമാൻ പി.കെ.കുഞ്ഞിക്കണ്ണൻ, കൺവീനർ പി.രാജൻ, ടി.എൻ.കെ.ശശീന്ദ്രൻ, ഇല്ലത്ത് ദാമോദരൻ, കെ.കെ.ഹംസ ഹാജി, എം.കെ.കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.
#Building #construction #will #not #allowed #LDF #agitation