വടകര: (vatakara.truevisionnews.com)കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്‌മെൻ്റിൻ്റെ സാങ്കേതിക സഹായത്തോടെ 'ഹരിത ഭവനം' പദ്ധതി നടപ്പിലാക്കുന്നു.
ജില്ലയിലെ മുഴുവൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും വീടുകൾ ഹരിത ഭവനങ്ങളും വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളും ആക്കി മാറ്റുന്ന പദ്ധതിയാണ് ഇത്.
മാലിന്യ സംസ്കരണം, ഊർജ്ജസംരക്ഷണം, ജല സംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിൽ സ്വയം പര്യാപ്തമായ യൂണിറ്റുകളായി വീടുകളെയും വിദ്യാലയങ്ങളെയും മാറ്റുകയാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ നടത്തിപ്പിനായി വിളിച്ചുചേർത്ത വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ അധ്യാപകരുടെ ശില്പശാല വടകര ഡി ഇ ഓ എം രേഷ്മ ഉദ്ഘാടനം ചെയ്തു.
എല്ലാ നല്ല കാര്യങ്ങളും വീട്ടിൽ നിന്നാണ് ആരംഭിക്കുന്നത് എന്നും മാലിന്യനിർമാർജനത്തിന്റെ ഈ പൊതു പാഠവും വീടുകളിൽ നിന്ന് തന്നെ ആരംഭിക്കട്ടെ എന്നും അവർ പറഞ്ഞു.
പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. ബാബു പറമ്പത്ത് ഹരിത ഭവനത്തെ കുറിച്ചും മണലിൽ മോഹനൻ മാലിന്യമുക്ത നവ കേരളത്തെക്കുറിച്ചും ക്ലാസുകൾ എടുത്തു.
ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ, സിസ്റ്റർ ചൈതന്യ, എസ് ജെ സജീവ് കുമാർ, ബിജോയ് പി മാത്യു തുടങ്ങിയവർ സംസാരിച്ചു.
പദ്ധതി അനുസരിച്ച് വീടുകളിലും വിദ്യാലയങ്ങളിലും മൂന്ന് പെട്ടികൾ സ്ഥാപിക്കും. ആദ്യത്തെതിൽ പ്ലാസ്റ്റിക്, രണ്ടാമത്തേതിൽ ചെരുപ്പ്, ബാഗ്, തെർമോകോൾ, റെക്സിൻ തുടങ്ങിയവ, മൂന്നാമത്തെതിൽ ചില്ല് എന്നിവ കഴുകി ഉണക്കി ശേഖരിക്കും.
നിശ്ചിത ഇടവേളകളിൽ ഇവ ഹരിത കർമ്മ സേനയ്ക്ക് കൈമാറും. വെച്ചിരിക്കുന്ന പെട്ടികളുടെ ഫോട്ടോകളും ഹരിത കർമ്മ സേനയ്ക്ക് മാലിന്യം കൈമാറിയതിൻ്റെ രസീത് സ്കാൻ ചെയ്തതും ഇതിനായി രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെക്കണം.
ഹരിത ഭവനം സൃഷ്ടിച്ച എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകും.
എസ് ജെ സജീവ് കുമാർ വിദ്യാഭ്യാസ ജില്ല കോഡിനേറ്ററും 7 ഉപജില്ലകളിലെയും ഓരോ അധ്യാപകർ അംഗങ്ങളും ആയി സമിതിയും രൂപീകരിച്ചു.
#green #house #Conducted #workshop #high #school #teachers #education #district