ചോറോട്: (vatakara.truevisionnews.com)കാറിടിച്ച് ആറുമാസമായി കോമയിൽ കഴിയുന്ന ചോറോട് സ്വദേശിനിയായ ഒമ്പത് വയസുകാരി ദൃഷാനയുടെ ദുരിതജീവിതത്തിന് സഹായമേകാൻ ഹൈക്കോടതി.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടി.
ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.
ഫെബ്രുവരി 17 നാണ് ചോറാട് അമൃതാനന്ദമയി മഠം ബസ് സ്‌റ്റോപ്പിനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ ദൃഷാനയെയും മുത്തശ്ശിയെയും കാർ ഇടിച്ചു തെറിപ്പിച്ചത്.
മുത്തശ്ശി ബേബി അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദൃഷാന കഴിഞ്ഞ ആറ് മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോമയിലാണ്.
ഇതിനോടകം വലിയ തുക കുട്ടിയുടെ ചികിത്സയ്ക്കായി കുടുംബം ചിലവഴിച്ച് കഴിഞ്ഞു.
ദൃഷാനയുടെ അപകട വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ടിങ് ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു.
മാത്രമല്ല കോഴിക്കോട് ജില്ല ലീഗൽ സർവീസസ് അതോറിറ്റി, വിക്ടിം റൈറ്റ്സ് സെന്റർ എന്നിവയുടെ റിപ്പോർട്ടും തേടിയിരുന്നു. എന്നാൽ അപകടത്തിന് ഇടയാക്കിയ കാർ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനാൽ കുട്ടിയുടെ കുടുംബത്തിന് ഇതുവരെ അപകട ഇൻഷൂറൻസ് ലഭിച്ചിട്ടില്ല.
വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് കുട്ടിയുടെ ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്.
വെള്ള സ്വിഫ്റ്റ് കാറാണ് അപകടത്തിനിടയാക്കിയത്. വടകര ഭാഗത്ത് നിന്നും മാഹി ഭാഗത്തേക്കാണ് കാർ ഓടിച്ച് പോയതെന്ന് അപകടത്തിന് ദൃക്‌സാക്ഷിയായ ദൃഷാനയുടെ അമ്മ പോലിസിന് മൊഴി നൽകിയിരുന്നു.
വടകര പൊലീസിനാണ് ആദ്യ ഘട്ടത്തിൽ അന്വേഷണ ചുമതലയുണ്ടായിരുന്നത്.
നാലു മാസം മുമ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
#nine #year #old #girl #fell #into #coma #after #hit #by #car #High #Court #took #case #own #initiative