വടകര: (vatakara.truevisionnews.com)മണിയൂർ പയനുമ്മൽ സ്ഥാപിച്ച മൊബൈൽ ടവറിലേക്ക് സ്ഥലം ഉടമകളുടെ സമ്മതമില്ലാതെ വൈദ്യുതി ലൈൻ വലിച്ചത് റദ്ദാക്കണമെന്ന എഡിഎമ്മിന്റെ ഉത്തരവ് മൂന്നുമാസമായിട്ടും നടപ്പായില്ലെന്ന് പരാതി.
തെക്കെ തൂണൂറ നാരായണി, കിഴക്കേ ചാരുപറമ്പത്ത് ഷീബ എന്നിവരാണ് പ്രശ്‌നത്തിൽ ഉത്തരവിട്ട എഡിഎമ്മിനെ വീണ്ടും സമീപിച്ചത്.
ഉത്തരവ് നടപ്പാക്കാൻ ജൂലായ് 25 വരെ സമയം നൽകിയിരുന്നെങ്കിലും ഈ സമയ പരിധി കഴിഞ്ഞ് ഒന്നര മാസമായിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി.
കഴിഞ്ഞവർഷം ജൂലായിൽ എഡിഎമ്മിന്റെ ഉത്തരവു പ്രകാരമാണ് മൊബൈൽ ടവറിന് വൈദ്യുതി കണക്ഷൻ നൽകിയത്.
ഈ ഉത്തരവിനെതിരേ നാരായണിയും ഷീബയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എല്ലാകക്ഷികളെയും കേട്ട് രണ്ടുമാസത്തിനകം പ്രശ്‌നം തീർക്കാൻ ഹൈക്കോടതി ഉത്തരവിടുകയുണ്ടായി.
വിചാരണ നടത്തിയപ്പോഴാണ് തങ്ങളുടെ സ്ഥലത്തുകൂടിയാണ് ലൈൻ വലിച്ചതെന്നും ഇതിന് അനുമതി വാങ്ങിയിട്ടില്ലെന്നും പരാതിക്കാർ അറിയിച്ചത്.
നഷ്ടപരിഹാരം തന്നാൽ ലൈൻ വലിക്കാൻ അനുമതി നൽകാമെന്നും അറിയിച്ചു. അനുമതി വാങ്ങിയെന്നാണ് തങ്ങളുടെ ധാരണയെന്നായിരുന്നു കെഎസ്ഇബി നിലപാട്.
മൊബൈൽ ടവർ സ്ഥാപിക്കുന്ന കമ്പനി നഷ്ടപരിഹാരം നൽകാൻ സമ്മതമല്ലെന്നും അറിയിച്ചു.
പരാതിക്കാരുടെ സ്ഥലം വഴിയാണ് ലൈൻ കടന്നുപോകുന്നതെന്ന വിവരം മറച്ചുവെച്ചാണ് കമ്പനി വൈദ്യുതി കണക്ഷനുള്ള അനുമതി തേടിയതെന്നും അതിനാൽ കണക്ഷൻ നൽകിയ ഉത്തരവ് പുനഃപരിശോധിക്കേണ്ടതുണ്ടെന്നും എഡിഎം ഉത്തരവിൽ വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് കണക്ഷൻ നൽകിയ ഉത്തരവ് റദ്ദാക്കിയത്.
ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്നു കാണിച്ചാണ് പരാതിക്കാർ വീണ്ടും എഡിഎമ്മിന് നിവേദനം നൽകിയിരിക്കുന്നത്.
ഈ വിഷയത്തിൽ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.
#Electricity #line #pulled #without #consent #land #owners #order #cancel #connection #not #executed