ചോറോട്: (vatakara.truevisionnews.com)തകർന്ന റോഡിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് തട്ടിക്കൂട്ട് വർക്ക് നടത്തി ജനരോഷത്തിൽ നിന്നും ഒളിച്ചോടാൻ പഞ്ചായത്ത് കാണിക്കുന്ന ശ്രമം വിലപ്പോവിലെന്നും അടിയന്തിരമായി റോഡ് നിർമ്മാണം നടത്താൻ ചോറോട് പഞ്ചായത്ത് തയ്യാറാകണമെന്നും യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ചോറോട് പഞ്ചായത്തിലെ ഇരുപതാം വാർഡിൽ തീരദേശ മേഖലയെ ടൗണുമായി ബന്ധിപ്പിക്കുന്ന റോഡിൻ്റെ പുനർ നിർമ്മാണം നല്ല രീതിയിൽ നടത്താതിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം വരും ദിവസം സംഘടിപ്പിക്കും എന്ന് യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം പ്രസിഡൻ്റ് കാർത്തിക് ചോറോട് പറഞ്ഞു.
ചോറോട് പഞ്ചായത്ത് പ്രസിഡൻ്റ് പ്രതിനിധീകരിക്കുന്ന വാർഡിലാണ് ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായി മണ്ണെടുത്തതിൻ്റെ ഫലമായി റോഡ് തകർന്ന് കിടക്കുന്നത്.
നൂറുകണക്കിനാളുകൾ ഗതാഗതത്തിന് ഉപയോഗിക്കുന്ന ഈ റോഡ് പൂർവസ്ഥിതിയിൽ ആക്കാൻ പഞ്ചായത്ത് അടിയന്തരമായ നടപടികൾ സ്വീകരിക്കേണ്ടതായിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഇതിന് മുൻപ് ഒരു സൂചനാ പ്രതിഷേധം യൂത്ത് കോൺഗ്രസ് കൈനാട്ടി മേഖല കമ്മിറ്റി സംഘടിപ്പിക്കുകയും ആയതിനെ തുടർന്ന് പഞ്ചായത്ത് ഇടപെടുകയും വാഗഡ് അധികൃതരുടെ സഹായത്തോടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം തട്ടിക്കൂട്ട് വർക്ക് നടത്തുകയുമാണ് ഉണ്ടായത്.
കൈനാട്ടിയിൽ നിന്ന് റേഷൻ പീടികയിലേക്കും കക്കാട്ടു പള്ളി, മീത്തലങ്ങാടി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലേക്കൊക്കെ പോകേണ്ടേ റോഡ് ആണ് ഇത് .
സ്കൂൾ ബസ്സുകൾ, ഓട്ടോറിക്ഷ, മറ്റു വാഹനങ്ങൾക്ക് ഒന്നും ഇത് വഴി പോകാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ.കാൽ നട യാത്രക്കാർക്ക് പോലും നല്ല രീതിയിൽ നടന്ന് പോകാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
റോഡിന്റെ അവസ്ഥ വളരെ മോശം ആയത് കൊണ്ട് സ്ത്രീകളും, പ്രായമായവരും ഇരുചക്ര വാഹനം കൊണ്ട് പോകുമ്പോൾ റോഡിൽ വീണു അപകടം പറ്റുന്നത് സ്ഥിരം കാഴ്ചയാണ്.
മാസങ്ങൾ കഴിഞ്ഞിട്ടും തകർന്ന റോഡ് പുനർനിർമ്മിക്കുന്നതിൽ വാർഡ് മെമ്പറും പഞ്ചായത്തും പരാജയം ആണെന്ന് യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
അടിയന്തിര പരിഹാരം ഉണ്ടാകാത്ത പക്ഷം ബഹു ജനങ്ങളെ അണി നിരത്തി ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റി അറിയിച്ചു..
#traffic #jam #Youth #Congress #protested #demand #damaged #road #should #rebuilt #immediately