Dec 6, 2024 04:09 PM

വടകര: (vatakara.truevisionnews.com) വടകരയില്‍ ഒമ്പതുവയസ്സുകാരി ദൃഷാന വാഹനം ഇടിച്ച് കോമയില്‍ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത അപകടത്തിന് കാരണമായത് അശ്രദ്ധ മൂലമെന്ന് പൊലീസ് .

കാറില്‍ കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. പിന്‍സീറ്റില്‍ ആയിരുന്നു കുട്ടികള്‍. അവര്‍ മുന്‍പിലേക്ക് ഇരിക്കണമെന്ന് വാശി പിടിച്ചു.ആ സംഭാഷണത്തിലേക്ക് ശ്രദ്ധ പോയ സമയത്താണ് അപകടം ഉണ്ടായതെന്ന് പൊലീസ് വിശദീകരിക്കുന്നു.

അപകടം നടന്നത് മറ്റാരോടും പറഞ്ഞിരുന്നില്ല. മറച്ച് വെയ്ക്കുകയായിരുന്നു. പ്രതികള്‍ ബാക്കിവെക്കുന്ന എന്തെങ്കിലും തെളിവ് എല്ലാ ക്രൈമിലും കാണും.

പിടികൂടാതിരിക്കാന്‍ പ്രതി വണ്ടിയില്‍ ചെറിയ മോഡിഫിക്കേഷന്‍ വരുത്തിയിരുന്നു. ചോറോട് വെച്ചാണ് അപകടം നടന്നത്. കൈനാട്ടിയിലേക്ക് എത്തുമ്പോള്‍ തന്നെ വാഹനം മിസ്സ് ആയെന്നും പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

അപകടം നടന്ന് പത്ത് മാസത്തിന് ശേഷമാണ് കാര്‍ കണ്ടെത്തുന്നത്. പുറമേരി സ്വദേശി ഷെജീര്‍ എന്നയാളുടെ കാറായിരുന്നു കുട്ടിയേയും മുത്തശ്ശിയേയും ഇടിച്ചത്.

മുത്തശ്ശി അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മനപൂര്‍വ്വമായ നരഹത്യയ്ക്ക് ഷെജീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ യുഎഇയില്‍ ഉള്ള ഷെജീറിനെ ഉടന്‍ നാട്ടിലെത്തിക്കും. മാര്‍ച്ച് 14 നാണ് പ്രതി വിദേശത്തേക്ക് കടന്നത്.

അപകടം നടക്കുമ്പോള്‍ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധയില്‍പ്പെടാത്തതും പ്രദേശത്ത് സിസിടിവി ഇല്ലാത്തതും അന്വേഷണ ഘട്ടത്തില്‍ പൊലീസിന് മുന്നില്‍ വെല്ലുവിളിയായിരുന്നു.

പിന്നാലെ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. അന്വേഷണത്തിനിടെ 19,000 വാഹനങ്ങളാണ് പൊലീസ് പരിശോധിച്ചത്.

500 ഓളം വര്‍ക്ക്‌ഷോപ്പില്‍ നേരിട്ടെത്തി പരിശോധിച്ചു. ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ പരിശോധിച്ചു. വെള്ള കാറാണ് ഇടിച്ചത് എന്ന് മാത്രമായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റേയും സ്മിതയുടേയും മകള്‍ ദൃഷാനയെയാണ് കാറിടിച്ചത്. ഈ വര്‍ഷം ഫെബ്രുവരിലായിരുന്നു അപകടം.

തുടര്‍ന്ന് കോമയില്‍ കഴിയുന്ന കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുവീട്ടിലേക്ക് പോകുന്നതിനായി ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വടകരയ്ക്ക് സമീപം ചോറോട് വെച്ചാണ് കുട്ടിയേയും അമ്മൂമ്മയേയും കാര്‍ ഇടിച്ചത്. അപകടത്തില്‍ അമ്മൂമ്മ മരണപ്പെട്ടു.

#nineyearold #girl #hit #car #Vadakara #Police #accident #due #negligence

Next TV

Top Stories