ചോറോട് ഈസ്റ്റ്: (vatakara.truevisionnews.com) ഭക്ഷണത്തിനായി കൃഷി ചെയ്ത പഴയ കാല കാർഷിക സംസ്കൃതി പുതുതലമുറക്ക് കൈമാറി മനുഷ്യകുലത്തിനോടും മറ്റ് ജീവജാലങ്ങളോടും നീതി പുലർത്തണമെന്നും വിഷലിപ്തമായ കൃഷിയുടെ മോചനം ഇത്തരം കൂട്ടായ്മയിലൂടെ സാദ്ധ്യമാക്കണമെന്നും ചോറോട് പഞ്ചായത്ത് കൃഷി ഓഫീസർ മുബാറക് പറഞ്ഞു.
മണ്ണിനോടും മനുഷ്യനോടും തുല്യമായി നീതി പുലർത്തുന്ന ഇത്തരം കൃഷി രീതികൾ പ്രോത്സാഹിപ്പിക്കേണ്ടത് ഭാവിതലമുറയുടെ ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഹാരം ഔഷധമാകുന്ന പഴമയിലേക്ക് നാടിനെ തിരികെയെത്തിക്കാൻ നമുക്ക് കൈമോശം വന്ന ഇത്തരം ശീലങ്ങളെ തിരികെപിടിക്കുന്നതിലൂടെ കഴിയും.
വിഷരഹിത ഭക്ഷണം ഗൃഹാങ്കണത്തിൽ എന്ന സന്ദേശം ഉയർത്തി പുലരി അയൽപക്ക സൗഹൃദ വേദിയിലെ വനിതാ കൂട്ടായ്‌മ എല്ലാ വീടുകളിലും പച്ചക്കറി കൃഷി നടത്തുന്നതിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിൻപുറങ്ങളിലെ പഴയകാല കാർഷിക സമൃദ്ധി തിരികെ കൊണ്ടുവരാനുള്ള ഒരു ശ്രമമെന്ന നിലയിലാണ് പുലരി അയൽപക്ക വേദി ഈ ദൗത്യം ഏറ്റെടുക്കുന്നത്.
മികച്ച രീതിയിൽ കൃഷി പരിപാലിക്കുന്നവർക്ക് ആകർഷകമായ പ്രോത്സാഹനസമ്മാനം നൽകുന്ന പദ്ധതിയും കൂട്ടായ്മ നടത്തുന്നുണ്ട്.
വനിതാ വേദി ചെയർപെഴ്‌സൺ ശ്രീമതി ലിൻ ഷി മനീഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ ടി.എം ഭാർഗവൻ, കെ.എം നാരായണൻ, ശ്രീജിഷ് യു.എസ്സ്, ഷൈബു ബാബുരാജ്, രാഘവൻ സി എച്ച്,ടി.പി. ജഗദീഷ്, എ.ജി .പത്മകുമാർ,സംഗീത കൂമുള്ളി ,തുടങ്ങിയവർ സംസാരിച്ചു.
കൺവീനർ പ്രീത സുരേഷ് ബാബു സ്വാഗതവും, ജലപ്രഭകേളോത്ത് നന്ദിയും പറഞ്ഞു.
#old #agricultural #culture #passed #to #new #generation #Mubarak