വടകര: (vatakara.truevisionnews.com) ഹിറ്റ്ലറുടെ നുണപ്രചാരകനായിരുന്ന ഗീബൽസിനെ പോലെയാണ് ഇക്കാലത്തെ പിആർ ഏജൻസികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.


ഗീബൽസിന്റെ ആധുനിക രൂപമാണ് ഇത്തരം ഏജൻസികളെന്നും നുണപ്രചാരണമാണ് ഇവർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം 'വായനയുടെ രാഷ്ട്രീയത്തെ' കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെയ്ക്ക് ന്യൂസുകളുടെ പ്രളയമാണ് നമുക്ക് ചുറ്റും. ഒരുതരം സ്തുതിപാഠകർ. ഇതിനിടയിൽ യാഥാർഥ്യം തിരിച്ചറിയാൻ കഴിയാതെ പോകുന്നു.ഏകാധിപതികളായ ഭരണാധികാരികൾ ഇന്ന് സോഷ്യൽ മീഡിയയെ ഉപയോഗിക്കുകയാണ്.
നമ്മൾ അറിയാതെ ഇത്തരക്കാർ നമ്മെ ബ്രെയിൻ വാഷ് ചെയ്യുകയാണ്. ഈ തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. പൊളിറ്റിക്കലാവുക എന്നു പറഞ്ഞാൽ ജനാധിപത്യവാദിയാവുക എന്നതു മാത്രമല്ല സെക്കുലറാവുക എന്നതുകൂടിയാണെന്ന് വി.ഡി.സതീശൻ ഓർമിപ്പിച്ചു.
ലോകത്തെങ്ങും നടക്കുന്ന അനീതിക്കെതിരെ പോരാടാൻ നമുക്കു കരുത്തുപകരുന്നത് വായനയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രവും അതിന്റെ നേതാക്കളുടെ വാക്കുകളും പ്രത്യയശാസ്ത്രവുമൊക്കെ നാട് അറിഞ്ഞത് വായനയിലൂടെയാണ്.
നല്ല എഴുത്തുകാരാണ് നമ്മെ നേരായ മാർഗത്തിലൂടെ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടർ കല്പറ്റ നാരായണൻ അധ്യക്ഷത വഹിച്ചു,ഐ മൂസ സ്വാഗതം പറഞ്ഞു.
#VDSatheesan #PR #agency #past #Goebbels #past