വടകര: ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഷാഫി പറമ്പിൽ എംപി കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി.


കഴിഞ്ഞ മൺസൂൺ കാലത്ത് മണ്ണിടിച്ചിൽ മൂലവും വീടുകളിൽ വെള്ളം കയറിയും ജീവിതം പ്രതിസന്ധിയിലായവർ ഇപ്പോഴും പ്രശ്‌നപരിഹാരത്തിന് കാത്തിരിക്കുകയാണ്. താമസയോഗ്യമല്ലാതായ വീടും സ്ഥലങ്ങളും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാമെന്ന അധികൃതരുടെ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല.
ശക്തമായ ജനകീയ ആവശ്യം നിലനിൽക്കുന്ന കുഞ്ഞിപ്പള്ളി, പന്തലായിനി, ചേമഞ്ചേരി, പാലയാട്ട് നട, തിരുവങ്ങൂർ-കാപ്പാട് റോഡ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ഹൈവേ മുറിച്ചു കടക്കാൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യത്തിലും തീരുമാനമായിട്ടില്ല. ഈ വിഷയം പാർലമെന്റിനകത്തും പുറത്തും ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ഇവ അധികൃതർ അവഗണിക്കുകയുമാണ്.
കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താത്ത ഇടുങ്ങിയ സർവീസ് റോഡുകളുടെയും നടപ്പാതകളുടെയും നിർമാണത്തിലെ അപാകം പരിശോധിക്കണമെന്നത് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട ഏജൻസികളുടെ ഉന്നതതല യോഗം അടിയന്തരമായി വിളിച്ചു ചേർക്കണമെന്നും മന്ത്രിക്ക് നൽകിയ കത്തിൽ എംപി ആവശ്യപ്പെട്ടു.
ShafiParambil MP Nitingadkari highway construction