വടകര: (vatakara.truevisionnews.com) തിരുവള്ളൂർ പഞ്ചായത്തിലെ കോട്ടപ്പള്ളിയിൽ ലഹരി മാഫിയക്കെതിരെ നിലപാട് എടുത്തതിന് ജാഗ്രതാ സമിതി കൺവീനർക്ക് മർദനമേറ്റു. യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് കൂടിയായ ഒതയോത്ത് അഫ്‌സലിനു (30) നേരെയാണ് അക്രമം. പരിക്കേറ്റ അഫ്‌സലിനെ വടകര ആശ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.


കോട്ടപ്പള്ളി ടൗണിൽ നിൽക്കുകയായിരുന്ന അഫ്‌സലിനെ ബൈക്കിലെത്തിയ രണ്ടു പേർ അടിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു. പലതരം മാരകലഹരിയുടെ ഉപയോഗ കേന്ദ്രമായി മാറിയ കോട്ടപ്പള്ളിയിൽ എല്ലാ രാഷ്ട്രീയപാർട്ടിക്കാരും അടങ്ങിയ ജാഗ്രതാ സമിതി ശക്തമായി രംഗത്തുവന്നിരിക്കുകയാണ്.
ലഹരി ഉപയോഗവും വിൽപനയും അനുവദിക്കില്ലെന്ന് ജാഗ്രതാ സമിതി നിലപാടെടുക്കുകയും മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. ഇതിൽ വിദ്വേഷം പൂണ്ടവരാണ് അക്രമത്തിനു പിന്നിലെന്ന് അഫ്‌സൽ പറഞ്ഞു. സംഭവത്തിൽ ജാഗ്രതാ സമിതി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
Drug mafia Kottappally Vigilance Committee convener attacked