വടകര: (vatakara.truevisionnews.com) പാക്കിസ്ഥാനെ പറഞ്ഞാൽ പൊള്ളുന്ന കോൺഗ്രസും സിപിഎമ്മും ആണ് ഈ നാട് നേരിടുന്ന പ്രശ്നമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കർണാടക കോൺഗ്രസ് നേതാക്കളും മന്ത്രിമാരും പാക്കിസ്ഥാനെ പ്രതിരോധിക്കാൻ രംഗത്തുണ്ട്.


ദക്ഷിണേന്ത്യയിലെ പല കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളും പാകിസ്ഥാന് വേണ്ടിയുള്ളതാണ്. വടകരയിൽ കോഴിക്കോട് നോർത്ത് ജില്ലാ വികസന കേരളം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷൻ.
കേരളത്തിൽ മാറ്റം കൊണ്ടുവരാൻ ബിജെപിയെ അധികാരത്തിൽ എത്തിക്കണം. അത് നമ്മുടെ ഒരു ദൗത്യമായി ഓരോ പ്രവർത്തകരും കാണണം. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. എന്നാൽ കേരളത്തിനും വികസനം ആവശ്യമാണ്. അതിനാണ് നമുക്ക് സംസ്ഥാനത്ത് അധികാരത്തിൽ എത്തേണ്ടത്.
യുവാക്കളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ കേരളത്തിൽ മാറ്റം വരണം. ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഏത് പാർട്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് അവർ നോക്കും. വാഗ്ദാനങ്ങൾ പാലിച്ച പാർട്ടിയാണ് ബിജെപി എന്ന് ജനങ്ങൾക്ക് അറിയാം.
ആറു പതിറ്റാണ്ട് നാട് ഭരിച്ചത് കോൺഗ്രസ് ആണ്. പത്തുവർഷത്തെ യുപിഎ ഭരണം അഴിമതികളാൽ നിറഞ്ഞതായിരുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും നിറഞ്ഞ യുപിഎ കാലത്ത് കേരളത്തിൽ നിന്നും എട്ടു കേന്ദ്ര മന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിട്ടും കേരളത്തിന് ഒരു കേന്ദ്ര പദ്ധതിയും ലഭിച്ചില്ല.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യ കൈവരിച്ച വലിയ കുതിപ്പ് ലോകത്തിനാകെ അറിയാം. രാജ്യത്ത് നടക്കുന്ന വികസനം മലയാളികൾ തിരിച്ചറിയുന്നുണ്ട്. അവർ ബിജെപിക്കൊപ്പം അണിനിരക്കുമെന്നുറപ്പുണ്ട്. കേരളത്തിലെ ഇടതു വലത് മുന്നണികളെ യുവാക്കൾ മടുത്തു കഴിഞ്ഞു.
കോൺഗ്രസ് അഴിമതിയും സിപിഎം അക്രമ രാഷ്ട്രീയവും ചെയ്യുന്ന പാർട്ടികളാണ്. എന്നാൽ പിണറായി വിജയൻ ഭരണത്തിൽ സിപിഎമ്മും അഴിമതിയാൽ നിറഞ്ഞു കഴിഞ്ഞു. ജനങ്ങളുടെ ജീവിതത്തിൽ മാറ്റം സൃഷ്ടിക്കാൻ പ്രവർത്തിക്കുന്ന ഏക പാർട്ടി ബിജെപിയാണ്. പതിനൊന്നു വർഷം കേന്ദ്രം ഭരിച്ചിട്ടും ഒരു അഴിമതി ആരോപണം പോലും മോദി സർക്കാരിനെതിരെ ഉയർന്നിട്ടില്ല, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പി കെ കേരളത്തിന്റെ രാഷ്ട്രീയ മണ്ണ് ബിജെപിക്ക് ഏറെ അനുകൂലമായി മാറിക്കഴിഞ്ഞതായി കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. വികസിത കേരളം എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ. രാജ്യത്തെ 25 കോടി പാവപ്പെട്ടവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ മോദി സർക്കാരിന് സാധിച്ചതായും കൃഷ്ണദാസ് പറഞ്ഞു.
കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി ആർ പ്രഫുൽകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.കെ.കൃഷ്ണദാസ്, എം.ടി.രമേഷ്, എസ്.സുരേഷ്, അനൂപ് ആൻ്റെണി, അഡ്വ.വി.കെ.സജീവൻ, ജയ്കിഷ്.എസ്.ആർ,അഡ്വ.കെ.ദിലീപ്,പി.പി.മുരളി, എം.പി.രാജൻ, വിസി.ബിനീഷ്,ടി.പി.രാജേഷ്,അഡ്വ.വി.സത്യൻ, വി കെ ജയൻ,നിഷ ടി.എം,സുരക്ഷിത.ടി.പി,പ്രഭാകരൻ ടി കെ, ശോഭ പി.വി, അഡ്വ.എം.സിന്ധു, പി.പിവ്യാസൻ, പ്രീത പി.കെ, കെ.കെ.രജീഷ്, സി പി വിപിൻ ചന്ദ്രൻ, ,കെ അനൂപ്, തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode North District Development Kerala Convention inauguration Rajiv Chandrasekhar