വടകര: (vatakara.truevisionnews.com) മേപ്പയിൽ സീനിയർ ബേസിക് സ്‌കൂളിന് വേണ്ടി പണിത പുതിയ ബഹുനില കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. മൂന്നരക്കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 4.30ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


11 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കിയ മൂന്നുനില കെട്ടിടത്തിൽ 21 ക്ലാസ്മുറികൾക്ക് സൗകര്യമുണ്ട്. മൂത്രപ്പുര, ലിഫ്റ്റ്, ആധുനിക അടുക്കള ഉൾപെടെ വിശാലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എൽകെജി മുതൽ ഏഴാം ക്ലാസ് വരെ നാനൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനാണ് സ്‌കൂൾ നടത്തിപ്പ് ചുമതലയുള്ള ജനകീയ കമ്മിറ്റിയുടെ ശ്രദ്ധ.
ഒരു കാലത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം ജനകീയ ഇടപെടലിനെ തുടർന്നാണ് വീണ്ടും സജീവമായത്. ഇതിന്റെ തുടർ പ്രവർത്തനമെന്ന നിലയിലാണ് പഴയ കെട്ടിടം പൊളിച്ചുമാറ്റി മനോഹരമായ പുതിയ കെട്ടിടം പണിതത്. 19ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.പി.ബിന്ദു അധ്യക്ഷത വഹിക്കും.
ചടങ്ങിന്റെ ഭാഗമായി ഇന്ന് (ശനി) വൈകുന്നേരം നാലിന് പച്ചക്കറി മുക്ക് മുതൽ സ്‌കൂൾ വരെ വിളംബരഘോഷയാത്ര നടക്കും. വാർത്താസമ്മേളനത്തിൽ മാനേജർ ഇ.അശോകൻ, സ്വാഗതസംഘം ചെയർപേഴ്സൺ സിന്ധു പ്രേമൻ, പ്രധാനാധ്യാപകൻ ടി.വി.സജേഷ്, സി. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Inauguration tomorrow PAMuhammadRiyaz dedicate new multi storey building Meppayil SB School