വടകര: (vatakara.truevisionnews.com) സി.കെ. സത്യനാഥൻ മാസ്റ്ററുടെ മരണത്തോടെ കരുത്തനായ കോൺഗ്രസ് നേതാവിനെയാണ് വടകരക്ക് നഷ്ടമായതെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിദ്യാർത്ഥിയായ കാലം തൊട്ട് എൻ്റെ വിശ്വസ്തനായ സഹപ്രവർത്തകനും കോൺഗ്രസ്സിൻ്റെ ആശയാദർശങ്ങളുമായി മുന്നോട്ടു പോയ ധീരനായ പോരാളിയുമായിരുന്നു.


മടപ്പള്ളി കോളേജിൽ കെ.എസ്. യു. പ്രസ്ഥാനം കെട്ടിപ്പടുത്ത ആദ്യകാല പ്രവർത്തകന്മാരിൽ മറക്കാൻ കഴിയാത്ത വ്യക്തിത്വം. കലാ കായിക രംഗത്തും നിറഞ്ഞു നിന്ന സത്യൻ വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. പൊതു മരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥനാകുന്നത് വരെ ഒരു മികച്ച അദ്ധ്യാപകൻ എന്ന പ്രശസ്തിയും അദ്ദേഹത്തിനുണ്ടായിരുന്നു.
മടപ്പള്ളി ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹത്തിൻ്റെ തറവാടുമായും സഹോദരന്മാരുമായും ഉറ്റ ബന്ധമുണ്ടായിരുന്നു. ഒഞ്ചിയം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയത്തിൽ എന്നും ഉറച്ച നിലപാടുണ്ടായിരുന്നു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് വളരെ കൃത്യതയോടെ അദ്ദേഹം നടത്തിയ വിലയിരുത്തലുകൾ എത്ര മാത്രം ശരിയായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
cksathyanathan brave Congress fighter Mullappallyramachandran