വടകര: കാവിൽ-കുട്ടോത്ത് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമാവുന്നു. ഇതിന്റെ ഭാഗമായി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം ഉൾപ്പെടെ 90 ലക്ഷം രൂപയുടെ നവീകരണം നടത്താനാണ് തീരുമാനം. ഇതിന്റെ മുന്നോടിയായി പരിസര വാസികൾ ആവശ്യമായ സ്ഥലം വിട്ടു നൽകുകയാണ്.
ഇതിനായി രൂപവത്കരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വളരെ പ്രധാനപ്പെട്ട റോഡായാണ് കാവിൽ-കുട്ടോത്ത് റോഡ് അറിയപ്പെടുന്നത്. വടകരതിരുവള്ളൂർ റോഡിനെയും കാവിൽ-തീക്കുനി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്.


ഇതിനിടയിൽ വരുന്ന പ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയുമാണിത്. വീതി കുറഞ്ഞ റോഡിലൂടെയുള്ള യാത്ര ഏറെക്കാലമായി ദുരിതമയമാണ്. ഇതിനു പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ നേതൃത്വത്തിലുള്ള ഇടപെടൽ.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ഈ റോഡിന് നേരത്തേ അനുവദിച്ചിരുന്നു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 50 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുകയാണ്. ഇതിനു പുറമെ വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപയും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.
ആവശ്യമായ സ്ഥലങ്ങളിൽ ഡ്രെയിനേജും കൾവെർട്ടും ഉൾപ്പെടുത്തിയാണ് റോഡ് നവീകരണം നടപ്പിലാക്കുക. പ്രദേശവാസികൾ സൗജന്യമായി ഭൂമി വിട്ടു നൽകുന്നതിന്റെ അടിസ്ഥാനത്തിലാവും റോഡ് വികസനം. ഇത് കണക്കിലെടുത്താണ് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രദേശവാസികളും അടങ്ങിയ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നത്.
700 മീറ്റർ ദൂരമുള്ള റോഡിൽ വീതി കൂട്ടുന്നതിന് ഉടമകൾ സ്ഥലം വിട്ടുകൊടുത്തു തുടങ്ങി. 45 മീറ്റർ വീതിയുള്ള റോഡ് ഏഴ് മീറ്ററെങ്കിലുമായി മാറും. ഇതോടെ ഇതുവഴിയുള്ള യാത്ര സുഖകരമാവുമെന്നാണ് കരുതുന്നത്.
dilapidated condition Kavil Kuttoth road resolved