---
title: "ജീവനക്കാർ ആശങ്കയിൽ; ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാക്കുക -ജോയിൻ്റ് കൗൺസിൽ"
english_title: "protestable process not even begun salary revision joint Council"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297721/protestable-process-not-even-begun-salary-revision-joint-council"
published_at: "2025-06-22T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68579e5ecfb98_k_ajina.jpg"
keywords: []
---

# ജീവനക്കാർ ആശങ്കയിൽ; ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാക്കുക -ജോയിൻ്റ് കൗൺസിൽ

> **Lead Summary:** **വടകര: ** 2024 ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഒരു വർഷം പിന്നിട്ടിട്ടും നടപടികൾ പോലും ആരംഭിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ അജിന പറഞ്ഞു. ജോയിൻറ് കൗൺസിൽ വടകര മേഖലാ കൺവൻഷൻ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അവർ.

## Article Content

**വടകര: ** 2024 ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഒരു വർഷം പിന്നിട്ടിട്ടും നടപടികൾ പോലും ആരംഭിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ അജിന പറഞ്ഞു. ജോയിൻറ് കൗൺസിൽ വടകര മേഖലാ കൺവൻഷൻ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അവർ.

വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തിൽ ശമ്പളപരിഷ്കരണത്തിൻ്റെ കാര്യത്തിൽ സർക്കാർ കാണിക്കുന്ന വിമുഖത ജീവനക്കാരെ ഗുരുതരമായി ബാധിക്കുന്നതാണെന്നും ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ മുഴുവനും തരുമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ടെങ്കിലും ശമ്പള പരിഷ്കരണ കമ്മിഷനെ പോലും സർക്കാർ ഇതുവരെ നിയമിച്ചിട്ടില്ല എന്നതും നടപടികൾ വൈകുന്നതും ജീവനക്കാരിൽ സൃഷ്ടിക്കുന്ന പ്രതിഷേധം സർക്കാർ തിരിച്ചറിയണമെന്നും കെ അജിന പറഞ്ഞു.

വടകര പി ആർ ലൈസിയത്തിൽ പ്രസിഡൻ്റ് പി കെ രമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മേഖലാ കൺവൻഷനിൽ ജോയിന്റ് കൗൺസിൽ വടകര മേഖലാ സെക്രട്ടറി കെ അമൃതരാജ് സ്വാഗതം ആശംസിച്ചു. ജോയിന്റ് കൗൺസിൽ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ് എൽ വി ബാബു, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ്റ് മേഘന എം, ജില്ലാ കമ്മിറ്റി അംഗം പി പി പ്രമോദ് എന്നിവർ അഭിവാദ്യം ചെയ്തു. തുടർന്ന് നടന്ന യാത്രയയപ്പ് യോഗത്തിൽ സർവീസിൽ നിന്ന് വിരമിച്ച.കെ.പി രമേശൻ, അജിത പി പി, അഷറഫ് കെ. എന്നിവർക്ക് യാത്രയയപ്പ് നൽകി. യോഗത്തിൽ പ്രജിത്ത് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297721/protestable-process-not-even-begun-salary-revision-joint-council)