ആയഞ്ചേരി:(vatakara.truevisionnews.com) ആയഞ്ചേരി മുക്കടത്തും വയലിൽ ഇന്നലെ വൈകുന്നേരം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റവർ അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. അപകടത്തിൽപ്പെട്ട വടകര സ്വദേശി വിനീഷിനെ കണ്ണൂർ മിംസിലും കക്കട്ടിൽ സ്വദേശി രേഷ്മയെ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിച്ചത്.
അപകടത്തിൽ വിനീഷിന് മുഖത്ത് ഗുരുതരമായി പരിക്കേൽക്കുകയും കൈകാലുകൾക്ക് പരിക്കുണ്ടാവുകയും ചെയ്തിട്ടുണ്ട്. രേഷ്മയുടെ കാലിനാണ് പരിക്ക്. അപകടത്തിൽപ്പെട്ട ഇന്നോവയിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുകളായതിനാൽ ഇന്നലെ തന്നെ ഡിസ്ചാർജ് ചെയ്തിരുന്നു. അപകടത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു.
തകർന്ന ട്രാൻസ്ഫോർമർ പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. വൈകുന്നേരത്തോടെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് കെ എസ് ഇ ബി അറിയിച്ചു.മുക്കടത്തും വയലിൽ അപകടങ്ങൾ തുടർക്കഥയാവുകയാണെന്നും നിരവധി പേർക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടുവെന്നും നാട്ടുകാർ പറയുന്നു. ഇരുവശത്തുമുള്ള വലിയ കയറ്റങ്ങളാണ് അപകടങ്ങൾക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്ന നാട്ടുകാർ, മുക്കടത്തും വയൽ ടൗണിൽ സ്ഥാപിച്ചതുപോലെ കോളനി റോഡിലും ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
Road accident in Mukkadam field; Injured persons out of danger