വടകര: ചോറോട് ഗ്രാമ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ വൈക്കിലശ്ശേരി, മലോൽ മുക്ക്, വൈക്കിലശ്ശേരി തെരു, മണിയാറത്ത് മുക്ക്, ചോറോട് ഈസ്റ്റ് നിവാസികൾക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഹോമിയോ ആശുപത്രി, ബേങ്ക് എന്നിവിടങ്ങളിലേക്ക് പോകാനുള്ള പ്രധാന വഴിയായ കാട്ടിൽ മുക്ക് റോഡിൻറെ അവസ്ഥ വളരെ ദയനീയമാണ്.
പലയിടത്തും റോഡ് തന്നെ ഇല്ലാതായ അവസ്ഥയാണ്. റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദൾ ചോറോട് ഈസ്റ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. വള്ളിക്കാട് നിന്നു കാട്ടിൽ മുക്ക് വരെ 2200 മീറ്റർ ദൂരമുണ്ട്. ഏകദേശം ഏഴ് മീറ്റർ വീതിയുള്ള റോഡാണിത്. താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം ഒഴുകി പോകാൻ ഡ്രെയിനേജ് ഇല്ലാത്തത് കാരണം വെള്ളം കെട്ടിനിൽക്കുന്നതാണ് റോഡ് തകരാൻ കാരണം.


വള്ളിക്കാട് റോഡിന് 5 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് വള്ളിക്കാട് ടൗൺ മുതൽ കുറച്ച് ഭാഗം റീടാർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം വടകര ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ ഈ റോഡിന് അനുവദിച്ചിരുന്നു. ഈ തുക പുഞ്ചപ്പാലം മുതൽ ശ്മശാനം വരെ കുണ്ടും കുഴിയുമായി തകർന്ന ഭാഗങ്ങളിൽ ഒന്നും ചെയ്യാതെ ഒരു തകരാറുമില്ലാത്ത മണിയാറത്ത് പള്ളി മുതൽ കനാൽ വരെ റീടാറിംഗ് അനാവശ്യമായി ചെയ്യുകയായിരുന്നുവെന്ന് ആർജെഡി കുറ്റപ്പെടുത്തി. ഈ തുക ദേശീയ നഷ്ടമാക്കിയവരിൽ നിന്ന് ഈടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാട്ടിൽമുക്ക് റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്കരമാണ്. 300 മീറ്ററോളം ദൂരം വലിയ ഗർത്തങ്ങളും കുണ്ടും കുഴിയുമാണ്. മഴ ചെയ്താൽ ഇവിടങ്ങളിൽ വെള്ളം കെട്ടി നിന്ന് കുളം പോലെയാണുള്ളത്. ഓട്ടോറിക്ഷകൾ ഓടാൻ കഴിയുന്നില്ല. ടൂവീലറുകളിൽ പോകുമ്പോൾ കുഴിയിൽ വീണ് പരിക്കു പറ്റുന്നത് പതിവാണ്. ചോറോട് ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ 27 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് ഉടൻ തന്നെ റോഡിൽ ആവശ്യമായ ഇടങ്ങളിൽ ഡ്രെയിനേജ് അടക്കം നിർമ്മിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ആർജെഡി ആവശ്യപ്പെട്ടു.
യോഗത്തിൽ ഈസ്റ്റ് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം. നാരായണൻ, ജില്ലാ കമ്മിറ്റി അംഗം പ്രസാദ് വിലങ്ങിൽ, മണ്ഡലം കമ്മിറ്റി അംഗം എൻ.കെ.അജിത് കുമാർ, കെ.രവീദന്ദ്രൻ എം.എം. ശശി, ജയരാജൻ കെ.പി, രാജൻ സി.കെ, ബിജു വി.ടി.കെ.പി.സുരേഷ് എന്നിവർ സംസാരിച്ചു
Potholes on roads in eastern areas of Chorode Grama Panchayat, travel difficult