അഴിയൂർ: പഞ്ചായത്ത് ബഡ്സ് സ്കൂളിനോട് അധികൃതർ കാണിക്കുന്ന അവഗണനയ്ക്കെതിരെ എസ്ഡിപിഐ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചാണ് അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തിയത്.
ധർണ്ണ അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗവും എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമായ സാലിം പുനത്തിൽ ഉദ്ഘാടനം ചെയ്തു. 25 ലധികം ഭിന്നശേഷി വിദ്യാർത്ഥികൾ എത്തുന്ന സ്കൂളിൽ രണ്ട് പേർ മാത്രമാണ് ജീവനക്കാരായി ഉള്ളത്. സർക്കാർ നിശ്ചയിച്ച വേതനം ജീവനക്കാർക്ക് നൽകുന്നില്ല.സ്കൂളിൽ ഭക്ഷണ പാചകത്തിന് ആളില്ല. വാഹനവും കട്ടപ്പുറത്താണ്. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ തറയിൽ തെന്നി വീണ് വിദ്യാർത്ഥിയുടെ കാലിന് പരുക്ക് പറ്റിയിരുന്നു.
സ്കൂൾ മാനേജിംഗ് കമ്മറ്റിയിൽ ഭരണ സമിതി കക്ഷി പ്രതിനിധികളെ ഉൾപ്പെടുത്താനും തടസ്സവാദം ഉന്നയിക്കുകയാണ്. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമായില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് ഉപരോധമടക്കമുള്ള ജനകീയ സമരം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സൈനുദ്ധീൻ എ കെ അദ്ധ്യക്ഷത വഹിച്ചു. സാഹിർ പുനത്തിൽ സ്വാഗതവും നൗഫൽ കുനിയിൽ നന്ദിയും പറഞ്ഞു. സീനത്ത് ബഷീർ, സിദ്ധീഖ് എരിക്കിൽ, ലീല വൈദ്യർ കുനി, കാദർ പനാട നേതൃത്വം നൽകി.
Azhiyoor Panchayat Bads School Ignored By Authorities: SDPI Holds Protest Dharna