അഴിയൂർ: യുവവ്യാപാരിയുടെ സത്യസന്ധത കാരണം കോളേജിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ട സ്വർണ്ണാഭരണം തിരികെ ലഭിച്ച് വിദ്യാർത്ഥിനി. അഴിയൂർ ചുങ്കം റെയിൽവെ സ്റ്റേഷൻ റോഡിൽ പടിഞ്ഞാറെകുനി രാജീവന്റെ മകളും വടകര മിഡിറ്റ് കോളേജിൽ ബിരുദ വിദ്യാർത്ഥിയുമായ അപർണ്ണയുടെ മുക്കാൽ പവൻ സ്വർണ്ണാഭരണമാണ് കോളേജിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായത്.
കാലത്ത് കട തുറക്കാൻ വരുന്നതിനിടെ അഴിയൂർ ചുങ്കം ബസ് സ്റ്റോപ്പിൽ വെച്ചാണ് മുബാറക് ചിക്കൻ സ്റ്റാൾ ഉടമ മണലിൽ തെണ്ടൻ റഹീസിന് സ്വർണ്ണാഭരണം ലഭിച്ചത്. സ്വർണ്ണാഭരണം ഉടൻ തന്നെ വാർഡ് മെമ്പർ സാലിം പുനത്തിലിനെ ഏൽപിക്കുകയും സോഷ്യൽ മീഡിയയിലൂടെ വിവരം കൈമാറുകയുമായിരുന്നു.
വിവരം അറിഞ്ഞ് അച്ഛൻ രാജീവനോടൊപ്പം എത്തി അപർണ്ണ ആഭരണം ഏറ്റുവാങ്ങി. വ്യാപാരിയുടെ സത്യസന്ധതയ്ക്ക് പകരം മധുരപ്പൊതി സമ്മാനിച്ചാണ് അപർണ്ണ മടങ്ങിയത്. വാർഡ് മെമ്പർ സാലിം പുനത്തിൽ, അലി എരിക്കിൽ എന്നിവർ സംബന്ധിച്ചു.
Honesty of the Young Merchant; The missing gold jewelery was returned to the student