Oct 22, 2021 07:33 AM

വടകര: സംസ്ഥാന സർക്കാറിൻ്റെ സ്വപ്ന പദ്ധതിയായ വടകര-മാഹി കനാൽ യാഥാർത്ഥ്യമാകണമെങ്കിൽ ഇനിയും കോടികൾ വേണ്ടിവരും. കനാലിന്റെ മൂന്നാമത്തെ റീച്ചിൽപ്പെട്ട ചേരിപ്പൊയിൽ ഭാഗത്തെ കനാൽ നവീകരണം സുരക്ഷിതമായി പൂർത്തിയാക്കാൻ ‘സീക്കന്റ് പൈലിങ്’ എന്ന നിർമാണരീതി അവലംബിക്കാൻ നിർദ്ദേശം. തിരുവനന്തപുരം എൽ.ബി.എസ്. എൻജിനിയറിങ് കോളേജിലെ ഡിസൈൻവിഭാഗമാണ് ശുപാർശ നൽകിയത്.

ഇതുപ്രകാരം സംസ്ഥാന ഉൾനാടൻ ജലഗതാഗതവിഭാഗം ചീഫ് എൻജിനിയറും സൂപ്രണ്ടിങ് എൻജിനിയറും എൽ.ബി.എസ്.എൻജിനിയർമാരും ഉൾപ്പെടെയുള്ള സംഘം സ്ഥലം സന്ദർശിച്ച് ചർച്ചനടത്തി. പദ്ധതിയുടെ കരട് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഒപ്പം വിദഗ്ധസമിതിയും രൂപവത്കരിക്കും. എസ്റ്റിമേറ്റും പദ്ധതിയുടെ രൂപരേഖയും വിശദമായി പരിശോധിച്ച് ഈ സമിതിയായിരിക്കും അന്തിമതീരുമാനമെടുക്കുക.

അഞ്ച് റീച്ചുകളുള്ള മാഹിക്കനാലിന്റെ നവീകരണത്തിൽ ഏറ്റവും പ്രയാസം അനുഭവപ്പെടുന്ന മേഖലയാണ് ചേരിപ്പോയിലിന് സമീപത്തുള്ള 800 മീറ്റർ ഭാഗം. ഉയരംകൂടിയതും പൊടിപോലുള്ള മണ്ണുമായതാണ് പ്രശ്‌നം. കനാലിന്റെ ആഴംകൂട്ടുമ്പോൾ മണ്ണിടിച്ചിൽ ശക്തമാണ്. ഇതേത്തുടർന്ന് ഇവിടെ പ്രവൃത്തി നിർത്തിവെച്ചിരിക്കുകയാണ്. ചില സ്ഥലങ്ങളിൽ കനാലിൽനിന്ന് മുകൾഭാഗത്തേക്ക് 24 മീറ്റർവരെ ഉയരമുണ്ട്. സാധാരണരീതിയിൽ പാർശ്വഭിത്തി കെട്ടിയതുകൊണ്ടൊന്നും ഫലമില്ലെന്നതുകൊണ്ടാണ് ഇതിലും മികച്ച നിർമാണരീതിക്കായി ഉൾനാടൻ ജലഗതാഗതവിഭാഗം ശ്രമിച്ചത്.

വിവിധ എൻജിനിയറിങ് സ്ഥാപനങ്ങൾ ഇതിനായി ഇവിടം പരിശോധിച്ച് പഠനം നടത്തിയിരുന്നു. ഏറ്റവുമൊടുവിൽ തിരുവനന്തപുരം എൽ.ബി.എസ്. എൻജിനിയറിങ് കോളേജാണ് പഠനം നടത്തി സീക്കന്റ് പൈലിങ് എന്ന രീതി നിർദേശിച്ചത്. പാർശ്വഭാഗങ്ങളിൽ പ്രത്യേകരീതിയിൽ പൈലിങ് നടത്തി സംരക്ഷണം ഒരുക്കിയശേഷം കനാലിന്റെ ആഴംകൂട്ടുന്നതാണ് പദ്ധതി. ഏറെ ചെലവേറിയതാണ് ഈ രീതി.

പക്ഷേ സുരക്ഷിതമാണെന്നാണ് വിലയിരുത്തൽ. മണ്ണിന് ഉറപ്പുകുറഞ്ഞ സ്ഥലങ്ങളിൽ ഈ രീതി അവലംബിച്ചുവരുന്നുണ്ട്. കേരളത്തിൽ ഉൾനാടൻജലഗതാഗതവകുപ്പിന്റെ കീഴിൽ ഇതുവരെ എവിടെയും ഈ രീതിയിൽ കനാലിന്റെ പാർശ്വഭിത്തി സംരക്ഷിച്ചിട്ടില്ല. ആദ്യത്തെ പദ്ധതിയാണിത്. അതുകൊണ്ടുതന്നെയാണ് വിദഗ്ധസമിതി രൂപവത്കരിച്ച് ഇതിന്റെ രൂപരേഖയും എസ്റ്റിമേറ്റുമെല്ലാം പരിശോധിക്കുന്നത്.

600 മീറ്റർ ദൂരത്തിലെങ്കിലും ഈ പൈലിങ് നടത്താനാണ് ലക്ഷ്യമിടുന്നത്. ഇരുവശവും കൂടിയാകുമ്പോൾ 1200 മീറ്റർ ദൂരം. ഉൾനാടൻ ജലഗതാഗതവിഭാഗം പദ്ധതിയുടെ ഏതാണ്ട് എസ്റ്റിമേറ്റ് എടുക്കുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. വൈകാതെത്തന്നെ വിദഗ്ധസമിതിയും വരും. എന്തായാലും വലിയ ഫണ്ട് ഈ ഭാഗത്തിനുമാത്രം വേണമെന്നാണ് കണക്കാക്കുന്നത്.

ഈ ഭാഗത്തെ പ്രവൃത്തി പൂർത്തിയായാലേ കോടികൾ മുടക്കിയ മാഹി-കനാൽ പദ്ധതി പൂർണതയിലെത്തൂ എന്നതിനാൽ ഇത് കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ. ഏറ്റവു മികച്ചരീതിയിൽ സംരക്ഷണഭിത്തി ഒരുക്കിയാൽ മാത്രമേ പ്രദേശവാസികളുടെ ആശങ്കയും അകലുകയുള്ളൂ.

‘Second piling’ proposal in case of Mahe-Canal project slump

Next TV

Top Stories










News Roundup