Featured

ദേശീയപാത വികസനം; ദുരിതത്തിലായി ചോറോട്

News |
Jan 19, 2023 03:44 PM

ചോറോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് ദുരിതത്തിൽ. ഗ്രാമപഞ്ചായത്തിലെ കെ.ടി ബസാർ മുതൽ പെരുവാട്ടും താഴെ വരെയുള്ള ഓവുചാലുകൾ നികത്തിയതാണ് പ്രശ്നമായത്.

പ്രദേശവാസികൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചോറോട് ഓവർ ബ്രിഡ്ജ് മുതൽ കൈനാട്ടി ജംഗ്ഷൻ വരെയുള്ള പടിഞ്ഞാറ് ഭാഗത്തെ എല്ലാ ഓവുചാലുകളും നികത്തി. ഇതിൻറെ ഫലമായി അതിലേക്ക് കാലങ്ങളായി വന്നുകൊണ്ടിരിക്കുന്ന മഴവെള്ളം ഒരു തുള്ളി പോലും എത്താതെയായി.

ദേശീയപാതയിൽ ഉയരത്തിൽ പുതിയ ഓവുചാലുകൾ കോൺക്രീറ്റ് ചെയ്തു നിർമ്മിക്കുന്നതിനാൽ പ്രദേശങ്ങൾ പൂർണമായും മഴക്കാലത്ത് വെള്ളത്തിനടിയിലാവുകയും ചെയ്യുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

കൈനാട്ടി, കെ ടി ബസാർ ഭാഗങ്ങളിലെ 200 ലേറെ വീട്ടുകാർക്കും ഇതേ ഭീഷണിയുണ്ട്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ജലനിധിയുടെ ഭാഗമായി നിർമ്മിച്ച കുടിവെള്ള വിതരണ സംവിധാനം വെട്ടി നശിപ്പിച്ചതിനാൽ വൻ ദുരിതത്തിലാണ് ഇവിടുത്തെ ജനങ്ങൾ.

പുഞ്ചിരിമിൽ(70 കുടുംബങ്ങൾ), കൈനാട്ടി (20 കുടുംബങ്ങൾ), കെ ടി ബസാർ 30 കുടുംബങ്ങൾ ഉൾപ്പെടെ 120 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കാതെ മാസങ്ങളായി. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്ത് റോഡുകൾക്ക് സർവീസ് റോഡിൽ നിന്ന് പ്രവേശനം അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കാതെയാണ് റോഡ് പണി നടക്കുന്നത്.

നിലവിലുള്ള വിഷയങ്ങൾ തുടക്കത്തിൽ തന്നെ മന്ത്രി, കലക്ടർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പക്ഷേ യാതൊരു നടപടിയും ഉണ്ടായില്ല. ഇക്കഴിഞ്ഞ ഡിസംബർ 14ന് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ കലക്ടർ അടക്കമുള്ളവരെ കണ്ട് കാര്യം ധരിപ്പിച്ചപ്പോൾ രണ്ടാമതായി പരിശോധന നടത്താമെന്ന് ഉറപ്പു നൽകിയിരുന്നു.

പക്ഷേ കാര്യങ്ങൾ പഴയ രീതിയിൽ തന്നെ തുടരുകയാണ്. ചിലയിടത്ത് പ്രദേശവാസികൾ നിർമ്മാണ പ്രവർത്തി തടസ്സപ്പെടുത്തുന്ന സ്ഥിതിയുമുണ്ടായി. പുതിയ ഓവു ചാലുകൾ നിർമ്മിച്ച് സുഗമമായ രീതിയിൽ വെള്ളം ഒഴുക്കി വിടാനുള്ള സംവിധാനം ഏർപ്പെടുത്തുക. ദേശീയപാത അതോറിറ്റി പഞ്ചായത്തിനെ കൂടി പങ്കെടുപ്പിച്ച് സംയുക്ത പരിശോധന നടത്തി തീരുമാനം എടുക്കാൻ തയ്യാറാകുക.എന്നീ ആവശ്യങ്ങളാണ് വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ ഉന്നയിച്ചത്.

വാർത്താ സമ്മേളനത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ മധുസൂദനൻ, ഭരണസമിതി അംഗങ്ങളായ കെ കെ റിനീഷ്, പി പി റീന, പ്രസാദ് വിലങ്ങിൽ പങ്കെടുത്തു.

Chorod gram panchayat is in distress as part of the national highway development

Next TV

Top Stories