Featured

പരിഹാരം അകലെ; താഴ്ന്ന മാൻഹോൾ എന്ന് ഉയർത്തും?

News |
Jan 24, 2023 02:18 PM

വടകര: പുതിയ നഗരസഭ അധികാരമേറ്റെടുത്തതിനു ശേഷം മികച്ച നവീകരണ പ്രവർത്തനവുമായാണ് മുന്നോട്ട് പോകുന്നത്. ശുചിത്വ സുന്ദര വടകരയെ സൃഷ്ടിക്കുക എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്. മികച്ച പ്രാധാന്യമാണ് വടകര നഗരസഭ കരിമ്പന പാലം മുതൽ പെരുവാട്ടം താഴെ വരെയുള്ള പഴയ നാഷണൽ ഹൈവേയ്ക്ക് നൽകുന്നത്.

വടകര നഗരസഭയിലെ ഈ റോഡിൽ കാര്യമായ കുഴി ഒന്നും കാണാൻ സാധിക്കില്ല എന്നത് റോഡിന്റെ പ്രത്യേകതയാണ്. നഗരസഭ റോഡുകളിലെ ഏറ്റവും സുന്ദരമായ റോഡ് കൂടിയാണിത്. ആഴ്ചകൾക്ക് മുമ്പായിരുന്നു കരിമ്പന പാലം മുതൽ പെരുവാട്ടും താഴെ വരെ നവീകരണ പ്രവർത്തികളുടെ ഫലമായി റോഡ് ടാർ ചെയ്തത്. നിർഭാഗ്യവശാൽ മാൻഹോൾ ഉയർത്താതെയാണ് റോഡ് പണി തുടങ്ങിയത്.


അതുകൊണ്ടുതന്നെ റോഡ് പണി പൂർത്തിയായതിനു ശേഷം മാൻഹോൾ താഴുകയും റോഡ് ഉയർന്നു നിൽക്കുകയും ചെയ്തു. ഇതു വലിയ ബുദ്ധിമുട്ടാണ് വാഹന യാത്രക്കാർക്ക് നൽകുന്നത്. ഏറ്റവും കൂടുതൽ ഓട്ടോറിക്ഷകൾ ഉള്ള വടകര മണ്ഡലത്തിലെ പ്രദേശം കൂടിയാണ് വടകര നഗരസഭ. നഗരസഭയിലെ ഓട്ടോ സ്റ്റാൻഡുകളിൽ പോയി അന്വേഷണം നടത്തിയപ്പോൾ വലിയ പ്രയാസമാണ് അവർ പ്രകടിപ്പിക്കുന്നത്. മുച്ചക്രവാഹനം ആയതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു കുഴിയിൽ വീഴുക പതിവാണ്.

പെട്ടെന്ന് ബ്രേക്ക് ചവിട്ടിയാൽ പിന്നിലുള്ള വാഹനം തട്ടാനുള്ള സാധ്യത ഉള്ളതിനാൽ അതും ബുദ്ധിമുട്ടാണ്. മാൻ ഹോളിനെ വെട്ടിച്ചു മാറ്റാൻ ശ്രമിച്ചാൽ അത് ഇരുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് വലിയ അസ്വസ്ഥതയാണ് സൃഷ്ടിക്കുക. ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ഓട്ടോറിക്ഷയിൽ കയറുന്ന സ്ത്രീകൾ, കുട്ടികൾ, ഗർഭിണികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയാണ്. ഡ്രൈവർമാർക്കും യാത്രക്കാർക്കും പുറം വേദന ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ വേറെയും.


ചുരുങ്ങിയത് രാവിലെ 8 മണി മുതൽ ഓട്ടം തുടങ്ങിയാൽ രാത്രി 8 മണിക്കാണ് അവസാനിക്കുക. സദാസമയവും വടകര നഗരത്തിലൂടെ ഓടുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഇതിലൂടെ ടയർ വീണ് വളരെ പ്രയാസമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ബൈക്കിന്റെ പിന്നിലിരിക്കുന്നവർ ഒരുപക്ഷേ തെറിച്ചു പോകാനുള്ള സാധ്യതയുമുണ്ട്. അമിത വേഗതയിൽ വരുന്ന ബസ്സുകളുടെ ലീഫിന് തകരാർ സംഭവിക്കുകയും യാത്രക്കാർക്ക് രൂക്ഷമായ നടു വേദന അനുഭവപ്പെടുകയും ചെയ്യും.

പ്രായമുള്ളവർക്കാണ് ഏറ്റവും പ്രയാസം സൃഷ്ടിക്കുക. അതുകൊണ്ട് നിലവിലുള്ള മാൻ ഹോളുകൾ ഉയർത്തുന്ന നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണം എന്നാണ് ഇവർക്ക് പറയുവാനുള്ളത്. ഇത്രയും നവീകരണ പ്രവർത്തി ചെയ്ത നഗരസഭ മാൻഹോൾ ഉയർത്തുന്ന പ്രവർത്തി ആദ്യമേ ചെയ്തിരുന്നെങ്കിൽ ഇത്തരത്തിലുള്ള ഒരു പ്രയാസം നേരിടേണ്ടി വരില്ലായിരുന്നു എന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു. നഗരസഭ അധീനതയിലുള്ള അറക്കിലാട് റോഡ് കുണ്ടും കുഴിയുമായി നാളേറെയായി.


മറ്റു റോഡുകളുടെ സ്ഥിതിയും മറിച്ചല്ല. പുതിയ ബസ്റ്റാൻഡ് മുതൽ ഗവൺമെൻറ് ഹോസ്പിറ്റലിലേക്ക് വരെയുള്ള റോഡ് ഒരു ഉദാഹരണമാണ്. ഈ റോഡുകളുടെ കാര്യത്തിലും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുവാൻ നഗരസഭ ഇടപെടണം. ഓട്ടോ ഡ്രൈവർമാർ കൂട്ടിച്ചേർത്തു. മാൻ ഹോളിന്റെ കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.

Solution away; Raise the lower manhole?

Next TV

Top Stories










News Roundup






News from Regional Network