Featured

ചന്ത നാളെ; പ്രസിദ്ധമായ ഓർക്കാട്ടേരി ചന്ത നാളെ മുതൽ

News |
Jan 25, 2023 04:15 PM

ഓർക്കാട്ടേരി: ശിവ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള ഓർക്കാട്ടേരി കന്നുകാലി ചന്ത നാളെ മുതൽ. ഏറാമല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ചാണ് ചന്ത. നാളെ വൈകിട്ടോടെ ഓർക്കാട്ടേരി ചന്തക്ക് ഔദ്യോഗിക തുടക്കമാകും. നാളെ തുടങ്ങി ഫെബ്രുവരി അഞ്ചുവരെയാണ് കടത്തനാടിന്റെ മഹോത്സവമായ ഓർക്കാട്ടേരി ചന്ത.


കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി ചന്ത പ്രവർത്തിക്കുന്നില്ല. അവസാനമായി 2020 ലായിരുന്നു ചന്ത നടന്നിരുന്നത്. 1938 ൽ ബ്രിട്ടീഷ് ഇന്ത്യയിലെ 36ാ മത്തെ ചന്തയായിട്ടാണ് അന്നത്തെ മലബാർ കലക്ടർ അനുമതി നൽകിയത്. ആദ്യകാലത്ത് സ്വകാര്യ വ്യക്തികളും, മറ്റുമായിരുന്നു ചന്ത നടത്തിക്കൊണ്ടിരുന്നത്. എന്നാൽ പിന്നീട് ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി.കെ.കെ നമ്പ്യാറുടെ കാലത്ത് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പൊതുജന താൽപര്യാർത്ഥം ചന്ത ഏറ്റെടുക്കുകയായിരുന്നു.


ആദ്യകാലത്ത് ചന്ത നടന്നിരുന്നത് ഓർക്കാട്ടേരി ടൗണിൽ തന്നെയായിരുന്നു. പിന്നീട് സൗകര്യാർത്ഥം കാർത്തികപ്പള്ളി റോഡിലെ വിശാലമായ സ്ഥലത്തേക്ക് മാറ്റി. ചന്തയിലെ വരുമാനം കൊണ്ട് പഞ്ചായത്ത് വാങ്ങിയ മൂന്നര ഏക്കറിലാണ് ഇപ്പോൾ ചന്ത നടന്നു വരുന്നത്. ഇതിൽ പത്തര സെന്റിൽ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നു. 5 സെന്റിൽ വില്ലേജ് ഓഫീസ്,5 സെന്റിൽ മൃഗാശുപത്രി, ബഡ്സ് സ്കൂൾ എന്നിവയെല്ലാം ചേർത്ത് ഒരേക്കർ ആണ് ഉപയോഗിക്കപ്പെടുന്ന സ്ഥലം. ബാക്കിയുള്ള രണ്ടര ഏക്കറിലാണ് ഇപ്പോഴത്തെ ചന്ത മൈതാനം.


മുന്നൂറോളം സ്റ്റാളുകളായി വിവിധ ഉൽപ്പന്നങ്ങളാൽ സമ്പുഷ്ടമാണ് ഈ പ്രാവശ്യത്തെ ചന്ത. യാതൊരു തരത്തിലുള്ള പ്രവേശന ഫീസോ മറ്റ് ചാർജോ ഇല്ല. അതാത് കൗണ്ടറിലുള്ള വിനോദ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുവാൻ വേണ്ടി മാത്രമാണ് ഫീസ്. ചന്തയിലെ തൊഴിലാളികൾ അവസാനവട്ട മിനുക്ക് പണിയിലാണ്. ഒരുകാലത്ത് കടത്തനാടിനെ അവിസ്മരണണീയമാക്കിയ തോണിത്തൊട്ടിൽ, ആകാശത്തൊട്ടിൽ, മരണക്കിണർ, വിവിധതരം റൈഡുകൾ, കുട്ടികൾക്കായുള്ള പ്രത്യേക വിനോദങ്ങൾ എന്നിവയെല്ലാം ഇപ്പോഴുമുണ്ട്. കോഴിക്കോട്,കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഓർക്കാട്ടേരി ചന്ത ലക്ഷ്യമാക്കി മുമ്പുകാലത്ത് ജനങ്ങൾ വരാറുണ്ട്.


കോവിഡിന് ശേഷമുള്ള ആദ്യ ചന്ത എന്ന നിലയിൽ ജനങ്ങളുടെ ഒഴുക്ക് സർവ്വകാല റെക്കോർഡ് ആകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. പഞ്ചായത്ത് ഭരണസമിതിക്ക് പുറമേ, സാമൂഹിക സന്നദ്ധ സംഘടനകൾ, വ്യാപാര സംഘടനകൾ, മെർച്ചൻസ് അസോസിയേഷനുകൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരെല്ലാം ചേർന്ന് ഒറ്റക്കെട്ടായാണ് ചന്ത നടത്തുന്നത്.


മാത്രവുമല്ല മത മൈത്രിയുടെ ഉത്സവം കൂടിയാണ് ഓർക്കാട്ടേരി ചന്ത. ശിവഭഗവതി ക്ഷേത്രത്തിലേക്ക് ആവശ്യമായ കാച്ചിയ മുണ്ട് പുരാതനമായ മുസ്ലിം ഭവനത്തിൽ നിന്നാണ് നൽകി വരുന്നത്. കടത്തനാടൻ മതമൈത്രിയുടെ മകുട ഉദാഹരണം കൂടിയാണിത്. ചുവപ്പൻ കുത്തൽ എന്ന ഒരു ആചാരം കൂടിയുണ്ട്. ചന്തയിലേക്ക് വരുന്നവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സംഘാടകർ.

market tomorrow; The famous Orkhateri market from tomorrow

Next TV

Top Stories