വടകര: കനാലിലെ ചോർച്ച ഉടൻ അടച്ച് 10 ദിവസത്തിനകം വെള്ളം തുറന്നു വിടുമെന്ന് അധികൃതർ.കഴിഞ്ഞ ദിവസം കനാൽ തുറന്നതിനെ തുടർന്ന് വന്‍ ചോര്‍ച്ചയുണ്ടായ സ്ഥലത്ത് അറ്റകുറ്റപ്പണി നടത്തി 10 ദിവസത്തിന് വെള്ളം തുറന്നു വിടുമെന്ന് ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ യു.കെ. ഗിരീഷ് കുമാർ പറഞ്ഞു.


ചോർച്ചയുണ്ടായ കുരുക്കിലാട് മാച്ചാരി മീത്തൽ കനാൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കനാലിന്റെ താഴെ താമസക്കാരനായ മാച്ചാരി മനോജിന്റെ കിണർ ശുചിയാക്കാനും, നാശനഷ്ടങ്ങൾ നികത്താനും തീരുമാനിച്ചു. 50 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കനാലിന്റെ സുരക്ഷിതത്വത്തിന് ജനങ്ങൾ കൂടി ജാഗ്രത കാണിക്കണമെന്നും, കനാലിന്റെ ചോർച്ചക്ക് മുള്ളൻ പന്നി, ഉടുമ്പ് തുടങ്ങിയ ജീവികളും കാരണമാവുന്നുവെന്നും അധികൃതർ പറഞ്ഞു.
ഇക്കാര്യം ജനങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ കനാൽ സുരക്ഷിതമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. അറ്റകുറ്റപ്പണി നാളെത്തന്നെ ആരംഭിക്കുവാൻ കരാർകാർക്ക് നിർദ്ദേശം നൽകി. ചോർച്ച തത്സമയം കണ്ടെത്തി കനാൽ അടച്ചതിനാൽ വൻ അപകടം ഒഴിവായതായും അദ്ദേഹം പറഞ്ഞു. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ വി. അരവിന്ദാക്ഷൻ, അസിസ്റ്റൻറ് എഞ്ചിനീയർ വി.കെ. അശ്വതി, ഓവർസിയർ ജീവചന്ദ്രൻ പങ്കെടുത്തു. ചോറോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ ശ്യാമള പൂവ്വേരി, പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ, കെ.എം വാസു സംസാരിച്ചു.
ചോർച്ച; അഴിയൂർ ബ്രാഞ്ച് കനാൽ അടച്ചു
ചോറോട്: ചോർച്ചയെ തുടർന്ന് അഴിയൂർ ബ്രാഞ്ച് കനാൽ അടച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ അഴിയൂർ ബ്രാഞ്ച് കനാലിൽ കുരിക്കിലാട് ഭാഗത്താണ് ചോർച്ച അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് കനാൽ അടച്ചു. മാച്ചാരി മീത്തൽഭാഗത്ത് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ വൻ ശബ്ദത്തോടെ കുഴി രൂപപ്പെടുകയും വെള്ളം സമീപത്തെ പറമ്പുകളിലേക്ക് ഒഴുകുകയുമായിരുന്നു.
രാവിലെയാണ് ഈ ഭാഗത്ത് കനാലിൽ വെള്ളമെത്തിയത്. ഉയരത്തിലുള്ള കനാലിന്റെ ഉൾഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്തതായിരുന്നു. ഇടവഴിയിലൂടെ ശക്തമായി വെള്ളമൊഴുകി. മാച്ചാരി മനോജന്റെ വീടിന് പിൻഭാഗത്തെ പറമ്പിലെ കിണർ പൂർണമായും മണ്ണുംവെള്ളവും നിറഞ്ഞിരിക്കുകയാണ്. രാത്രിയായിരുന്നുവെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു.
വിവരമറിയിച്ച ഉടൻ ഷട്ടർ അടച്ചു. എ.എക്സ്.ഇ.അരവിന്ദാക്ഷൻ, എ.ഇ. അശ്വതി, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ, ശ്യാമള പൂവേരി, പി. ലിസി, പ്രസാദ് വിലങ്ങിൽ, കെ.എം. വാസു തുടങ്ങിയവർ സ്ഥലത്തെത്തി. ഉടൻ ഷട്ടർ അടച്ചു. അറ്റകുറ്റപ്പണികൾ നടത്തി കനാൽ പൂർവസ്ഥിതിയിലാക്കി വെള്ളം തുറന്നുവിടുമെന്ന് അധികൃതർ ഉറപ്പുനൽകി.
The authorities said that the leak in the canal will be closed immediately and the water will be released within 10 days