വടകര: (vatakara.truevisionnews.com) കിഴക്ക് നിന്ന് തെക്ക് -വടക്ക് കുതിച്ചു പായുന്ന ട്രെയിനിൻ്റെ ശബ്ദം പടിഞ്ഞാറ് കരയെ സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന തിരമാലകളുടെ ആരവം. ഇതിനിടയിൽ നാടിന് തണലായി പടർന്ന് പന്തലിച്ച ഒരു വടവൃക്ഷ ചുവട്ടിൽ പുഞ്ചിരിയോടെയും എളിമയോടെയും ഏവരുടെയും മനസ് കീഴടക്കുന്ന ഒരു വ്യാപാരിയും.
വികസനത്തിലേക്ക് കുതിക്കാൻ തുടങ്ങും മുമ്പ് കണ്ണൂർ - കോഴിക്കോട് ദേശീയ പാതയോരത്തെ നാദാപുരം റോഡ് കവലയുടെ പഴയൊരു ഒർമ്മ ചിത്രം ഇങ്ങനെ. ഇവിടെ ഇന്ന് പഴയ തലമുറയ്ക്ക് ഓർമകളുടെ കടലിരമ്പം നിലച്ചുപോകുന്ന തോന്നൽ, അതെ, നാദാപുരം റോഡിന് ആർകെ ദാമു ഇനിരോർമ്മ മാത്രമാകും.


പഴയ കടകളും തണൽ മരങ്ങളും എല്ലാം വഴിമാറിയതിന് പിറകെ കാലം ശേഷിപ്പിച്ച ഒരു നന്മ കൂടി വിടവാങ്ങി. മനസ്സുകളുടെ ഇഴയടുപ്പം ഏറെയുള്ള കാലത്ത് നേരിൻ്റെ കച്ചവടക്കാരന്നായിരുന്നു ആർകെ ദാമു. പ്രതിസന്ധികളെ ചെറുപുഞ്ചിരിയോടെ നേരിട്ട ആ കുറിയ വെളുത്ത മനുഷ്യൻ നാടിൻ്റെ വെളിച്ചമായിരുന്നുവെന്ന് ഇവിടെ മരണമുണ്ടായ വീട്ടിൽ ഒരു നാട്ടുകാരൻ സ്വയം പറയുന്നത് കേട്ടു.
ഹൃദയം കൊണ്ട് എല്ലാവരെ സ്നേഹിച്ച മനുഷ്യനായിരുന്നു ആർ കെ ദാമുവെന്ന് ഉറ്റ ചങ്ങാതിയും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (ULCCS ) ചെയർമാനുമായ പാലേരി രമേഷൻ പറഞ്ഞു.
അതിരുകൾ ഇല്ലാത സൗഹൃദത്തിൻ്റെ ഉടമയാണ് അദ്ദേഹമെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പിപി ചന്ദ്രശേഖരൻ മാസ്റ്റർ പറഞ്ഞു. വ്യാപാരി സമൂഹത്തിൻ്റെ കാരണവരരായിരുന്നു ആർകെയെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റി അംഗം സി കെ വിജയൻ അനുസ്മരിച്ചു.
കട നഷ്ടപ്പെട്ട് സൗഹൃദ കൂട്ടങ്ങൾ പിരിയാൻ തുടങ്ങിയതോടെ നാദാപുരം റോഡിലെ സ്ട്രീറ്റ് പാർക്കിലെ സായാഹ്നങ്ങളിൽ നിത്യ സന്ദർശകനായിരുന്നു അദ്ദേഹം. ഉറ്റവരെ പതിവ് തെറ്റാതെ ഫോണിൽ സംരിക്കുന്നതും അദ്ദേഹത്തിൻ്റെ നന്മ മനസായിരുന്നു. യുഎൽസിസിയുടെ വയോജന സൗഹൃദ കേന്ദ്രമായ മടിത്തട്ടിലെ അംഗമായിരുന്ന ആർകെ ഇവിടെയും ഉറ്റവരെ ഏറെ ഉണ്ടാക്കിയതായി യുഎൽസിസി മാനേജിംഗ് ഡയരക്ടർ ഷാജു പറഞ്ഞു.
അരനൂറ്റാണ്ടിലേറെ കാലം നാദാപുരം റോഡിലെ വ്യാപാരിയായ ദാമു നാടിന് എത്രമാത്രം പ്രിയങ്കരനായിരുന്നു എന്നതിൻ്റെ സാക്ഷ്യപത്രമാരുന്നു കെ.ടി ബസാറിലെ രായരോത്ത് താഴെ കുനിയിൽ വീട്ടുവളപ്പിലേക്ക് ഒഴുകിയെത്തിയവരുടെ സാന്നിധ്യം. ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുത്തപ്പോൾ കച്ചവടം നിർത്തേണ്ടി വന്ന് ഉപജീവനം നഷ്ടപ്പെട്ട വ്യാപാരികളിൽ ഒരാളായിരുന്നു അദ്ദേഹം.
വ്യാപാരികൾ നടത്തിയ അതിജീവന പോരാട്ടത്തിലും അവസാന ദാമു സജീവമായിരുന്നു. പുനരധിവസിക്കാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത സർക്കാറുകളും കെട്ടിട ഉടമകളും കൈയ്യൊഴിഞ്ഞ് പെരുവഴിയിലായ വ്യാപാരികളുടെ സമരമുഖത്തെ ദാമുവിൻ്റെ പ്രതികരണം മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
ഇന്നലെ രാത്രി എട്ട് മണിയോടെ ഹൃദയാഘാതത്താലായിരുന്നു അന്ത്യം. ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. പരേതയായ വളയത്തെ കുട്ടീൻ്റെ വിട ദേവിയാണ് ഭാര്യ. മക്കൾ: ദീപക് ആർ.കെ ( അലൂമിനിയം ഫാബ്രിക്കേറ്റർ) ദീപ്തി ( പ്രധാന അധ്യാപിക കൊട്ടയോടി എൽ പി സ്കൂൾ). മരുമക്കൾ: സജീവൻ കെ സി (അധ്യാപകൻ ചോതാവൂർ ഹയർ സെക്കണ്ടറി സ്‌കൂൾ). ദീപ (അത്തോളി).
സഹോദരങ്ങൾ: അശോകൻ ആർകെ, ശാന്ത, പരേതനായ മുകുന്ദൻ.
early merchant RK Damu death body cremated