വടകര: (vatakaranews.in) അനുഭൂതികളുടെ പറുദീസയായ സർഗലയ അന്താരാഷ്ട്ര കരകൗശല മേളക്ക് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് 6:30ന് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല മേള ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും, ഇന്ത്യയിലെ രണ്ടാമത്തേതുമാണ് സർഗലയ അന്താരാഷ്ട്ര കരകൗശല മേള.
ഈ വർഷത്തെ പാർട്ണർ രാജ്യം ഇന്ത്യയുടെ സ്വന്തം അയൽ രാജ്യമായ ശ്രീലങ്കയാണ്, കഴിഞ്ഞവർഷത്തെ പാർട്ണർ രാജ്യം പഴയ സോവിയറ്റ് യൂണിയനിലെ ഉസ്ബകിസ്ഥാൻ ആയിരുന്നു. ജനുവരി എട്ടുവരെ നീളുന്ന മേളയിൽ 11 രാജ്യങ്ങളിലെയും, ഇന്ത്യ യിലെ 25 സംസ്ഥാനങ്ങളിൽ നിന്നുമായി 400ൽ പരം കരകൗശല വിദഗ്ധരാണ് പങ്കെടുക്കുക.
എൻ എച്ച് 66 റോഡിന്റെ ആറുവരി പാതയാക്കുന്ന പ്രവൃത്തി ദ്രുതഗതിയിൽ നടന്നു വരികയാണ്. ദേശീയപാതയിലെ തിരക്ക് ഒഴിവാക്കുവാനും സർഗലയത്തിലേക്ക് വരുന്ന സന്ദർശക പ്രവാഹവും, കണക്കിലെടുത്ത് സംഘാടകർ കുറ്റമുറ്റ രീതിയിലാണ് ട്രാഫിക് സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
ഓരോ വർഷം കഴിയുമ്പോഴും സംഘാടന നൈപുണ്യം മെച്ചപ്പെട്ടുവരുന്ന യു.എൽ.സി.സി.എസി.നെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് ഇരിങ്ങലിലെ ഓരോ പ്രദേശവാസികളും അടിവരയിടുകയാണ്. കൂടാതെ പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം ഉത്സവത്തിന്റെ നാളുകളാണ് വരാൻ പോകുന്നത്.
ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സർഗലയ മേള നാടിന്റെയും നാട്ടുകാരുടെയും കൂടി ഉത്സവമാണ്. നിത്യവേലക്ക് പോകുന്ന മത്സ്യ തൊഴിലാളികളാണ് ഇരിങ്ങൽ പ്രദേശത്ത് ഭൂരിഭാഗവും, പതിനായിരത്തിലധികം വരുന്ന സന്ദർശക പ്രവാഹത്തെ ആതിഥേയ മര്യാദയോടെയാണ് ഇരിങ്ങൽ പ്രദേശത്തുകാർ വർഷാവർഷവും സ്വീകരിച്ചു വരുന്നത്.
പ്രദേശവാസികൾ തന്നെയാണ് സർഗലയുടെ വിവിധ കമ്മിറ്റികൾക്ക് കീഴിൽ ജോലി ചെയ്യുന്നതും. അന്താരാഷ്ട്ര കരകൗശല മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമാണ് പ്രകടിപ്പിക്കുന്നത്. ഈ വർഷത്തെ മേളയും ഗംഭീര വിജയമാക്കുവാൻ വേണ്ടിയുള്ള ഒരുക്കത്തിലാണ് ഓരോ ഇരിങ്ങൽ നിവാസിയും.
വനം വന്യജീവി വകുപ്പ് ഒരുക്കുന്ന പ്രദർശന പവലിയൻ, സമഗ്ര ശിക്ഷാ കേരള ഒരുക്കുന്ന സംസ്ഥാന ജേതാക്കളായ വിദ്യാർത്ഥി പ്രതിഭകളുടെ കരകൗശല പ്രദർശനം, പരിസ്ഥിതിയുടെ പരിരക്ഷയ്ക്ക് ഇലക്ട്രിക് വാഹനങ്ങളുടെ പ്രചരണത്തിനുള്ള ഗ്രീൻ മൊബിലിറ്റി എക്സ്പോ, വൈവിധ്യമേറിയ കലാപരിപാടികൾ, കേരളീയ ഭക്ഷ്യമേള, ഉസ്ബകിസ്ഥാൻ ഫുഡ് ഫെസ്റ്റ്, ഹൗസ് ബോട്ട്, പെഡൽ മോട്ടോർ ബോട്ട് എന്നിവയും ഈ വർഷത്തെ മേളയുടെ പ്രത്യേകതയാണ്. മധ്യ പൂർവേഷ്യൻ രാജ്യമായ ഉസ്ബകിസ്ഥാൻ എന്ന പഴയ സോവിയറ്റ് യൂണിയൻ രാജ്യത്തിലെ വൈവിധ്യങ്ങളായ ഭക്ഷ്യമേള ആസ്വദിക്കുവാൻ സർഗലയ മേളയിലൂടെ വടകര പ്രദേശവാസികൾക്ക് സാധിക്കും എന്നത് സംസ്കാരിക, ഭക്ഷ്യ വിനിമയത്തിന്റെ മറ്റൊരു ഉദാഹരണമാണ്.
ഏഷ്യൻ രാജ്യങ്ങൾക്ക് പുറമേ, വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുമായി 2 ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രത്യാശ. ഈ വർഷവും സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് കൂടുതൽ പേർ എത്തുമെന്നാണ് നാട്ടുകാരുടെയും പ്രതീക്ഷ.
#Paradise #Feelings #Sargalaya #International #Handicrafts #Fair #begin #today