അഴിയൂർ: (vatakaranews.in) 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ നടന്ന വികസന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.


2024-25 വാർഷിക പദ്ധതി കരട് പദ്ധതി രേഖ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം അവതരിപ്പിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ എസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി ബാബുരാജ്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം, പദ്ധതി സെക്ഷൻ സീനിയർ ക്ലാർക്ക് രാജേഷ് കുമാർ പി എന്നിവർ സംസാരിച്ചു.
11 കോടി രൂപയുടെ വികസന പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ, പട്ടികജാതി, മത്സ്യ തൊഴിലാളി വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതികൾക്കാണ് ഗ്രാമപഞ്ചായത്ത് കൂടുതൽ ഊന്നൽ നൽകിയിട്ടുള്ളത്.
ഒപ്പം പഞ്ചായത്തിൽ ഹാപ്പിനസ് പാർക്കുകൾ സ്ഥാപിക്കുന്നതിനും മികച്ച അടിസ്ഥാന സൗകര്യമുള്ള ഒരു പൊതു കുളം നിർമ്മിക്കുന്നതിനും പഞ്ചായത്തിലെ മുഴുവൻ പൊതു കിണറുകളെയും നവീകരിക്കുന്നതിനുമുള്ള പദ്ധതികൾകൂടി 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വികസന സെമിനാറിൽ വാർഡ് ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ,വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ,ഗ്രാമസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു
#AnnualPlan #development #seminar #organized #AzhiyurGramPanchayath