ഇരിങ്ങൽ: (vatakaranews.in) സർഗാലയ അന്താരാഷ്ട്ര കരകൗശല ഗ്രാമത്തിലെത്തുന്നവർക്ക് കുറ്റ്യാടിപ്പുഴയിൽ ആർത്തുല്ലസിക്കാം. മേളയുടെ ഭാഗമായി 20 പേർക്ക് സഞ്ചരിക്കാൻ ബോട്ട് യാത്രയൊരുക്കിയിട്ടുണ്ട്.
പുഴയിലുള്ള കോട്ടത്തുരുത്തി പ്രദേശത്തെ ചുറ്റിയാണ് ബോട്ട് യാത്ര. യാത്രക്കിടയിൽ പൗരാണികമായ കോട്ടക്കൽ ജുമാഅത്ത് പള്ളിയും അടുത്തുനിന്ന് കാണാം. കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാന്മാരുടെ കാലത്ത് നിർമിച്ചതെന്ന് കരുതുന്നതാണ് ഈ പള്ളി.
റോഡ് മാർഗം പോയാൽ സർഗാലയയിൽനിന്ന് രണ്ട് കിലോ മീറ്റർ സഞ്ചരിക്കണം ഈ പള്ളിയിലെത്താൻ. കടലും പുഴയും അതിരിടുന്ന കോട്ടക്കൽ അഴിമുഖവും വടകര സാൻഡ് ബാങ്ക്സിൻ്റെ വിദൂരദൃശ്യവും ബോട്ടിലിരുന്ന് കാണാം.
പുഴയോരത്തെ പ്രകൃതി സൗന്ദര്യവും കണ്ടൽക്കാടും ആസ്വദിച്ച് സംഗീതം പകർന്നുള്ള യാത്രയ്ക്ക് എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഉള്ളതായി അധികൃതർ പറഞ്ഞു. രാവിലെമുതൽ വൈകുന്നേരം വരെ ബോട്ടിൽ സഞ്ചരിക്കാനുള്ള സ്പെഷ്യൽ പാക്കേജും ഉണ്ട്. കിലോമീറ്ററുകൾ അകലെ കുറ്റ്യാടി പമ്പ്ഹൗസ് വരെയായിരിക്കും സ്പെഷ്യൽ യാത്ര.
ഏഴുപേർക്ക് സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ടും സാഹസിക യാത്രയ്ക്കായി കുറ്റ്യാടിപ്പുഴയിൽ സജ്ജമാണ്. ഇതുകൂടാതെ സർഗാലയയ്ക്കുള്ളിൽ ഇരിങ്ങൽ പാറക്കുളത്തിൽ സ്വയം ഓടിച്ചുപോകാൻ കഴിയുന്ന പെഡൽ ബോട്ടുമുണ്ട്.
അഞ്ചു പേർക്ക് ഇതിൽ യാത്രചെയ്യാം. കുട്ടികൾക്കുവരെ ഓടിച്ചുപോകാൻ കഴിയുന്നതാണ് പെഡൽ ബോട്ട്. കരകൗശല മേളയുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അമ്യൂസ്മെന്റ് റൈഡുകളുമുണ്ട്.
#boattrip #International #HandicraftsFair #different #views