അഴിയൂർ: (vatakara.truevisionnews.com) റോഡരികിലൂടെ നടന്ന് പോകവെ കാറിടിച്ച് കാൽമുട്ടിൻ്റെ എല്ല് പൊട്ടി വീട്ടിൽ പ്ലാസ്റ്ററിട്ട് കിടക്കുന്നയാളോട് മൊഴി നൽകാൻ സ്റ്റേഷനിൽ ചെല്ലാൻ ചോമ്പാല പൊലീസ് ആവശ്യപ്പെട്ടെന്നും പരാതി രേഖാമൂലം നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ച് വീട്ടുകാർ വടകര ഡിവൈഎസ്പിക്ക് പരാതി നൽകി.
ചോമ്പാല പൊലീസ് സ്റ്റേഷനിലെ വനിത കോൺസ്റ്റബ്ൾ വൈഗ, മഫ്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു പൊലീസുകാരൻ എന്നിവർക്കെതിരെയാണ് അഴിയൂരിലെ കുടുംബം പരാതി നൽകിയത്.
പരാതി നൽകിയതിന് ശേഷം ഡിവൈഎസ്പിയുടെ ഇടപെടലിനെ തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ ചോമ്പാല പൊലീസ് വീട്ടിലെത്തി പരുക്കേറ്റയാളുടെ മൊഴി രേഖപ്പെടുത്തി.
7.4.2024 നായിരുന്നു അപകടം നടന്നത്. അന്ന് തന്നെ ഇൻ്റിമേഷൻ ലഭിച്ചിരുന്നു. 8.4.24 ന് കാലത്ത് 10 മണിക്ക് സ്റ്റേഷനിൽ പരിക്കേറ്റയാളുടെ ഭാര്യയും മാതാവും പരാതി നൽകി. എന്നാൽ പരാതി രജിസ്റ്റർ ചെയ്യാം എന്ന് പറഞ്ഞ് ജിഡി ചാർജിൽ ഉണ്ടായിരുന്ന വനിത കോൺസ്റ്റബ്ൾ വൈഗ വ്രതമുണ്ടായിരുന്ന യുവതിയേയും വൃദ്ധയായ മാതാവിനേയും 12 മണി വരെ സ്റ്റേഷന് പുറത്ത് ഇരുത്തിയതായി പരാതിയിൽ പറയുന്നു.
ശേഷം നാല് മണിക്ക് വരാൻ പറഞ്ഞ് മടക്കി. ആ സമയം പോയപ്പോൾ അപകടം ഉണ്ടാക്കിയ ഡ്രൈവറെ മാത്രം ഉള്ളിൽ വിളിച്ച് വനിത കോൺസ്റ്റബിളും മഫ്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു പൊലീസുകാരനും ചേർന്ന് എന്തോ സംസാരിക്കുകയും വീട്ടുകാരോടൊപ്പം വന്ന വാർഡ് മെമ്പർ വിഷയത്തിൽ സംസാരിക്കുമെന്ന് പറഞ്ഞപ്പോൾ വനിത കോൺസ്റ്റബ്ൾ പരുഷമായി സംസാരിച്ചതായും പൊലീസുകാർ ഡ്രൈവർക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതായും, ഇടിച്ച വാഹനം ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് സ്റ്റേഷനിൽ എത്തിച്ചില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
ഡിവൈഎസ്പിയുടെ ഇടപെടലിനെ തുടർന്ന് സംഭവത്തിൽ ചോമ്പാല പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിയമവിരുദ്ധമായി പെരുമാറിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വീട്ടുകാർ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് വീട്ടുകാർ പറഞ്ഞു.
#Complaint #DySP #Chompala #police #house #took #statements #injured #persons