വടകര: (vatakara.truevisionnews.com) വടകരയിലെ വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസ് ഡയറി വടകര പൊലീസ് ഇൻസ്പെക്ടർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും.
ലീഗ് പ്രവർത്തകനായ പി കെ ഖാസിം നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ പരിഗണനയിലുള്ളത്.
കേസിൽ പികെ ഖാസിമിന് എതിരെ പ്രഥമദൃഷ്ട‌്യാ തെളിവില്ലെന്നാണ് വടകര പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്. വ്യാജ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്‌തതും പ്രചരിപ്പിച്ചതും പി കെ ഖാസിമിന്റെ മൊബൈൽ ഫോണിൽ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല എന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കേസിലെ ഗൂഢാലോചന, വ്യാജ സ്ക്രീൻ ഷോട്ട് എന്നിവയെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നാണ് പി കെ ഖാസിം നൽകിയ ഹർജിയിലെ ആവശ്യം വടകരയിലെ 'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പി കെ ഖാസിം നൽകിയ ഹർജിയിൽ വ്യാജ സ്ക്രീൻ ഷോട്ടിന്റെ ഇരയാണ് താനെന്ന വാദമാണ് പ്രധാനമായും ഉയർത്തിയത്.
സംഭവത്തിൽ ഏപ്രിൽ 25ന് വടകര പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല.
'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നേരത്തെ രംഗത്ത് വന്നിരുന്നു.
സിപിഐഎം കേന്ദ്രങ്ങൾ വ്യാജമായി സൃഷ്‌ടിച്ച സ്ക്രീൻഷോട്ടുകൾ ആധാരമാക്കി കെ കെ ശൈലജ ഉന്നയിച്ച കാഫിർ പ്രയോഗം തരംതാഴ്ന്നതാണെന്നും വർഗീയവാദിയായി ചിത്രീകരിക്കുന്നത് സുഖകരമല്ലെന്നും വടകര എം പി ഷാഫി പറമ്പിലും നേരത്തെ പ്രതികരിച്ചിരുന്നു.
#Vadakara #Fake #Kafir #Screenshot #Case #High #Court #consider #today