വടകര: (vatakara.truevisionnews.com) വടകര പുതുപ്പണത്തെ പ്രീമെട്രിക് ഹോസ്റ്റലിൻ്റെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കെ. കെ രമ എംഎൽഎ.
ഡിസംബർ 20ന് വൈകുന്നേരം നാലുമണിക്ക് ബഹുമാനപ്പെട്ട പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ ആർ കേളു തറക്കൽ കർമ്മം നിർവഹിക്കും.
ഇതിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആണ് സമൂഹത്തിലെ ഏറ്റവും അടിസ്ഥാന വിഭാഗത്തിലുള്ള കുട്ടികളുടെ പഠനത്തിന് സഹായകമാകും വിധം പ്രീമെട്രിക് ഹോസ്റ്റലിനായുള്ള പുതിയ കെട്ടിടം എന്ന ആശയം പ്രാവർത്തികമാകാൻ പോകുന്നത്.
നേരത്തെ പാലോളിപാലത്തുണ്ടായിരുന്ന തകർന്നുവീഴാറായ കെട്ടിടത്തിൽ ആയിരുന്നു ഹോസ്റ്റൽ പ്രവർത്തിച്ചുവന്നിരുന്നത്. അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെ വലിയ പ്രയാസം അനുഭവിച്ചിരുന്ന കുട്ടികൾക്ക് പുതിയ കെട്ടിടം വരുന്നത് ഏറെ ആശ്വാസകരമാകും.
ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ഉടമസ്ഥതയിലുള്ള ഭൂമി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി കൈമാറി കിട്ടാനുള്ള നടപടികൾ പൂർത്തിയാക്കിയതിനുശേഷമാണ് പദ്ധതി നടത്തിപ്പിനായുള്ള ഇടപെടലുകൾ ത്വരിതപ്പെട്ടത്.
4.82 കോടി രൂപയുടെ പദ്ധതിയിൽ മൂന്നു നിലയുള്ള കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്.
തറക്കല്ലിടൽ കർമ്മം പൂർത്തിയായ ഉടൻ തന്നെ കെട്ടിട നിർമ്മാണം ആരംഭിക്കുമെന്നും ഒരു വർഷത്തിനിടയിൽ പുതിയ പ്രീമെട്രിക് ഹോസ്റ്റൽ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയും എന്നുമാണ് പ്രതീക്ഷ എന്നും എംഎൽഎ പറഞ്ഞു.
ഇപ്പോൾ ജെ.എൻ.എം സ്കൂളിനോട് ചേർന്നുള്ള വാടക കെട്ടിടത്തിലാണ് ഹോസ്റ്റൽ പ്രവർത്തിച്ചു വരുന്നത്
#Foundation #stone #laying #20th #KKRama #MLA #construction #premetric #hostel #building #done #soon