---
title: "#moneyfraud | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; അമ്മയും മകനും അറസ്റ്റിൽ"
english_title: "#Fraud #money #offering #work #abroad #Mother #son #arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/256764/fraud-money-offering-work-abroad-mother-son-arrested-new"
published_at: "2024-12-16T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6760660d10a8e_WhatsApp_Image_2024-12-16_at_11.10.19_PM.jpeg"
keywords: []
---

# #moneyfraud | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; അമ്മയും മകനും അറസ്റ്റിൽ

> **Lead Summary:** വടകര: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നു പണം തട്ടിയ കേസിൽ അമ്മയും മകനും അറസ്റ്റിൽ.

## Article Content

വടകര: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നു പണം തട്ടിയ കേസിൽ അമ്മയും മകനും അറസ്റ്റിൽ.

തിരുവനന്തപുരം പട്ടം ആനമല ലക്ഷ്മി നഗറിൽ ഡോൾസി ജോസഫൈൻ സാജു (52), മകൻ രോഹിത്ത് സാജു (29) എന്നിവരെയാണ് വടകര എസ്ഐ. കെ. മനോജ് കുമാർ അറസ്റ്റ് ചെയ്തത്.

മണിയൂർ സ്വദേശി നിധിൻ രാജിന്റ പരാതിയിലാണ് നടപടി. തിരുവനന്തപുരം ശാസ്തമംഗലത്തും എറണാകുളത്തും ബ്രൂക്ക് പോർട്ട് ട്രാവൽ ലോജിസ്റ്റിക് എമിഗ്രേഷൻ കൾസൽട്ടൻസി എന്ന പേരിൽ സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്.

വിദേശത്ത് ജോലിയും വിദ്യാർഥികൾക്ക് പഠനത്തിന് വിസയും നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സ്ഥാപനം പ്രവർത്തിച്ചത്. മണിയൂരിലെ നിധിൻ രാജ് സിംഗപ്പൂരിലേക്ക് വിസക്കായി 2.5 ലക്ഷം നൽകുകയുണ്ടായി.

സിംഗപ്പൂരിലെ കമ്പനി കാൻസലായി എന്ന് പറഞ്ഞ് കാനഡയിലേക്ക് പോകാമെന്ന് വാഗ്ദാനം ചെയ്ത് 5.25 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

സമാനമായ കേസിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്ത ഡോൾസി ജോസഫൈൻ സാജുവിനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്ത് വടകരയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മകൻ നേരത്തെ കേസിൽ ഉൾപെട്ട് തിരുവനന്തപുരത്ത് ജയിലിൽ കഴിയുകയാണ്. ഇയാളുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/256764/fraud-money-offering-work-abroad-mother-son-arrested-new)