വടകര: (vatakara.truevisionnews.com) വടകര -വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കിഫ്ബിയിൽ നിന്നും ലഭിച്ച നിർദ്ദേശ പ്രകാരം കെഎസ്ഇബി, വാട്ടർ അതോറിറ്റി വിഭാഗങ്ങൾ സമർപ്പിച്ച എസ്റ്റിമേറ്റിൽ ആവശ്യമായ ഭേദഗതികൾ വരുത്തി പുന:സമർപ്പിക്കുന്നതിന് സമയക്രമം നിശ്ചയിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ അറിയിച്ചു.
ഈ മാസം തന്നെ വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈൻ, കെഎസ്ഇബിയുടെ പോസ്റ്റുകൾ തുടങ്ങിയവ മാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് അന്തിമമായി തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിക്കും.
നിലവിൽ 79.11 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് കിഫ്ബി വടകര വില്യാപ്പള്ളി ചേലക്കാട് റോഡിന് നൽകിയിട്ടുള്ളത്.
എന്നാൽ കെഎസ്ഇബി, വാട്ടർ അതോറിറ്റി വിഭാഗങ്ങൾ സമർപ്പിച്ച യൂട്ടിലിറ്റി ഷിഫ്റ്റിംഗ് എസ്റ്റിമേറ്റ് ഭേദഗതി ചെയ്യേണ്ടതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങൾ കിഫ്ബി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വടകര റസ്റ്റ് ഹൗസിൽ വച്ച് യോഗം ചേർന്നത്.
യോഗത്തിൽ കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബൈജു, കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ, വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനീയർ ദിബിൻ എന്നിവർ പങ്കെടുത്തു.
കിഫ്ബിയിൽ നിന്നും വിശദവിവരങ്ങൾ അറിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം വിളിച്ചു ചേർത്തതെന്ന് എംഎൽഎ അറിയിച്ചു.
തകരാർ സംഭവിച്ചത് കാരണം നിലവിൽ റോഡിൻ്റെ പല ഭാഗത്തും ഗതാഗതത്തിന് പ്രയാസം നേരിടുന്നുണ്ട്. റോഡിൻ്റെ അടിയന്തര പുനരുദ്ധാരണ പ്രവർത്തികൾ നടപ്പിലാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയിട്ടുണ്ട്.
ഒപ്പം കെആർഎഫ് ബി പ്രൊജക്‌ട് ഡയറക്‌ടറെ തിരുവനന്തപുരത്ത് വച്ച് നേരിട്ട് കണ്ടു റോഡ് അടിയന്തരമായി പുനരുദ്ധരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതായി എംഎൽഎ അറിയിച്ചു.
#Decision #submit #Vadakara #Villyapally #Chelakad #Road #Utility #Shifting #Estimate #December