അഴിയൂർ:(vatakara.truevisionnews.com) പഞ്ചായത്ത് ഓഫീസിലെ വനിതജീവനക്കാരിയെ പ്ലാൻ ക്ലർക്ക് അധിക്ഷേപിച്ച സംഭവത്തിൽ സെക്രട്ടറി നൽകിയ വാക്ക് പാലിച്ചില്ലെന്നാരോപിച്ച് ഭരണസമിതി യോഗത്തിൽ അംഗങ്ങളുടെ പ്രതിഷേധം.


ഭരണ സമിതി അംഗങ്ങളുടെ യോഗത്തിൽ എടുത്ത തീരുമാനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ ചോമ്പാല സിഐയുടെ സാന്നിധ്യത്തിൽ സെക്രട്ടറി നൽകിയ ഉറപ്പ് ലംഘിച്ചെന്നും, ഇത് ചോദിക്കുന്നത് ഭയന്ന് ഇന്ന് നടന്ന ഭരണ സമിതി യോഗത്തിൽ സെക്രട്ടറി നിയമവിരുദ്ധമായി മാറി നിന്നെന്നും ആരോപിച്ചാണ് ഭരണസമിതിയംഗങ്ങൾ പ്രതിഷേധിച്ചത്.
11 മണിക്ക് തുടങ്ങിയ യോഗം ഇത് കാരണം മണിക്കൂറുകളോളം മുടങ്ങി. യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത് ജൂനിയർ സൂപ്രണ്ടിന് സെക്രട്ടറി രേഖാമൂലം ചാർജ് നൽകിയിരുന്നില്ല. ഇതും പ്രതിഷേധത്തിന് കാരണമായി. ഭരണ സമിതി അംഗങ്ങൾ പ്രതിഷേധം തുടരുന്നതിനിടെ 3.45ന് സെക്രട്ടറി ജൂനിയർ സൂപ്രണ്ടിന് ചാർജ് നൽകിയതായി വാട്ട്സ് അപ്പ് സന്ദേശം അയച്ചെങ്കിലും 9 ഭരണ സമിതി അംഗങ്ങൾ അംഗീകരിക്കാത്തതിനാൽ ഭരണ സമിതി യോഗം പിരിച്ചുവിടുകയായിരുന്നു.
ഇതിനിടെ നിയമവിരുദ്ധമായ രീതിയിൽ ഭരണ സമിതി യോഗം നടത്തുന്നതിനെതിരെ ഭരണ സമിതി അംഗം സാലിം പുനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയൻ്റ് ഡയരക്ടർക്ക് പരാതി നൽകി. ഇത് സംബന്ധിച്ച് അന്വേഷിക്കാൻ പരാതി കൈമാറിയതായി ജോയൻ്റ് ഡയരക്ടർ അറിയിച്ചു.
#Secretary #not #keep #promise #Members #protest #Azhiyur #Grama #Panchayat #Administrative #Committee #meeting #meeting #adjourned