അഴിയൂർ: (vatakara.truevisionnews.com) ജോയന്റ് ഡയരക്ടർ ഓഫീസിൽ നിന്ന് ഇടപെടൽ ഉണ്ടായിട്ടും ഗ്രാമപഞ്ചായത്തിലെ ഭരണ പ്രതിസന്ധി തുടരുന്നു. പ്രതിപക്ഷ മെമ്പർമാരുടെ നിസഹകരണം മൂലം പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതി യോഗം മുടങ്ങി. ധനകാര്യ സ്ഥിരം സമിതിയിൽ പ്രതിപക്ഷ അംഗങ്ങൾക്കാണ് ഭൂരിപക്ഷമുള്ളത്.
പ്രതിപക്ഷ അംഗങ്ങളായ കെ.ലീല, പി.കെ ജയചന്ദ്രൻ, സാലിം പുനത്തിൽ എന്നിവരാണ് ഇന്ന് സ്ഥിരം സമിതിയിൽ ഹാജരാവാതിരുന്നത്. അതേ സമയം പഞ്ചായത്തിലെ ഭരണസ്തംഭന വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയരക്ടർ നിയമിച്ച ഇന്റേണൽ വിജിലൻസ് ഓഫീസർ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം ഇരു വിഭാഗമായും ചർച്ച നടത്തിയിരുന്നു.


നിയമവിരുദ്ധമായി സമിതി യോഗം വിളിച്ച് കൂട്ടിയതിനെതിരെ 16ആം വാർഡ് മെമ്പർ സാലിം പുനത്തിൽ ജോയന്റ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഭരണ സമിതി അംഗങ്ങളുടെ യോഗ മിനുറ്റ്സും മറ്റ് രേഖകളും സംഘം പരിശോധിച്ചു.
ഓഫീസിൽ ഹാജരാവാതിരുന്ന സെക്രട്ടറിയെ ഓഫീസിലേക്ക് സംഘം വിളിച്ച് വരുത്തുകയും വിശദാശംങ്ങൾ തേടുകയും ചെയ്തു. സമവായ സാധ്യത തേടിയ സംഘത്തോട് പ്ലാൻ ക്ലർക്കിനെതിരായ നടപടി ഇപ്പോൾ സാധ്യമല്ലെന്ന നിലപാടാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും സ്വീകരിച്ചത്.
ഇതോടെ ജോയന്റ് ഡയരക്ടർക്ക് റിപ്പോർട്ട് നൽകുമെന്നറിയിച്ച് ഉദ്യോഗസ്ഥർ പോവുകയായിരുന്നു. അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ഭരണകക്ഷികൾക്ക് ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. 18 അംഗങ്ങളിൽ ഭരണകക്ഷിയായ യുഡിഎഫിന് 8 അംഗങ്ങളാണ് ഉള്ളത്.
എൽഡിഎഫ്- 6, എസ്സിപിഐ- 2, ബിജെപി-1, സ്വതന്ത്ര- 1 എന്നിങ്ങിനെയാണ് കക്ഷി നില. നാല് സ്ഥിരം സമിതിയിൽ വികസനകാര്യ സ്ഥിരംസമിതിയിൽ മാത്രമേ ഭരണകക്ഷിക്ക് ഭൂരിപക്ഷം ഉള്ളു. ക്ഷേമകാര്യ സമിതിയിൽ ഒരേ നിലയും ആരോഗ്യ ധനകാര്യ സ്ഥിരം സമിതികളിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം ഉള്ളത്.
അതിനാൽ തന്നെ ഭരണപ്രതിപക്ഷ കൊമ്പുകോർക്കൽ തുടർന്നാൽ ഭരണകക്ഷിക്ക് എല്ലാ തീരുമാനങ്ങളും ഏകപക്ഷീയമായ പാസാക്കിയെടുക്കാൻ സാധിക്കില്ല. ഇത് വലിയ ഭരണസ്തംഭനത്തിനാണ് കാരണമാവുക. ഇതൊഴിവാക്കാൻ ശ്രമമില്ലെന്ന ആക്ഷേപം ശക്തമാണ്.
#Opposition #members #boycott #Finance #Standing #Committee #meeting #postponed #Azhiyur