വടകര: ( vatakaranews.com) ചെമ്മരത്തൂരിൽ മണ്ണ് ഖനനത്തിനെതിരെ നാട്ടുകാർ രംഗത്ത് വന്നത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ദേശീയ പാതയ്ക്കായി ചെമ്മരത്തൂരിലെ ഉപ്പിലാറിമലയിൽ നിന്ന് മണ്ണെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്.
ദേശീയപാതക്കു വേണ്ടി മണ്ണെടുക്കാൻ വലിയ ശ്രമമാണ് നടക്കുന്നത്. ഇതിനായി കരാർ കമ്പനി കണ്ടെത്തിയ സ്ഥലമാണ് ഉപ്പിലാറമല. ഇവിടേക്ക് റോഡ് വെട്ടുമ്പോൾ തന്നെ നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു.
ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നത്തിനിടയാക്കുമെന്ന് പറഞ്ഞാണ് നാട്ടുകാർ രംഗത്തുവന്നത്. ജെസിബി ഉൾപെടെയുള്ള സന്നാഹവുമായി ഇന്ന് മണ്ണെടുക്കാനെത്തിയതോടെ പരിസരവാസികൾ തടയുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മണ്ണെടുക്കൽ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കുന്നതിന് മണ്ണ് അനിവാര്യമാണ്. അതിനാൽ എല്ലാ സന്നാഹവും ഉപയോഗിച്ച് ഉപ്പിലാറ മലയിൽ നിന്ന് മണ്ണെടുക്കാൻ തന്നെയാണ് അധികൃതരുടെ തീരുമാനം.
#Authorities #temporarily #halt #tension #Chemmarathur