ഓർക്കാട്ടേരി: (vatakara.truevisionnews.com) ഒപ്പരം അഖിലേന്ത്യാ വോളിയുടെ രണ്ടാം ദിനത്തിൽ നടന്ന വനിതാ വിഭാഗം മത്സരത്തിൽ കെഎസ്ഇബിക്ക് വിജയം. ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് അസംപ്ഷൻ കോളജ് ചങ്ങനാശേരിയെയാണ് കെഎസ്ഇബി തോൽപിച്ചത്.


തുടർച്ചയായി രണ്ടു മത്സരത്തിലും തോൽവി അണഞ്ഞതോടെ അസംപ്ഷൻ കോളജ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഉദ്ഘാടന മത്സരത്തിൽ അസംപ്ഷൻ കോളജ് ഇൻകം ടാക്‌സ് ചെന്നൈയോട് തോറ്റിരുന്നു. ചൊവ്വാഴ്ച അതികായരായ കെഎസ്‌ഇബി എളുപ്പം വിജയം സ്വന്തമാക്കുകയായിരുന്നു. (സ്കോർ: 25-22, 25-22, 25-20).
സർവീസിംഗിലും അറ്റാക്കിംഗിലും ബ്ലോക്കിലും ഫിനിഷിംഗിലും കെഎസ്ഇബി താരങ്ങൾ അസംപ്ഷൻ കോളജിനെ ഷോക്കേൽപിക്കുന്നതാണ് കണ്ടത്. പുരുഷ വിഭാഗത്തിൽ ബിപിസിഎൽ വിജയം കൊയ്തു. നേരിട്ടുള്ള സെറ്റുകൾക്ക് കേരള പോലീസിനെയാണ് ബിപിസിഎൽ പരാജയപ്പെടുത്തിയത്. (സ്കോർ: 25-23, 25-17, 25-20).
സ്കോർ സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായ വിജയമാണ് ബിപിസിഎൽ നേടിയത്. ആദ്യ ദിവസം ഇന്ത്യൻ നേവിയെ തോൽപിച്ച കേരള പോലീസിന്റെ നിറംമങ്ങിയ പ്രകടനമാണ് രണ്ടാം ദിവസം കണ്ടത്. എങ്കിലും ഗ്യാലറിയെ ഇളക്കിമറിക്കുന്ന പ്രകടനം താരങ്ങളിൽ നിന്നുണ്ടായി.
രണ്ടാം ദിവസത്തെ വിശിഷ്ടാതിഥികളായ വടകര മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.പി.ബിന്ദു ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.എം.വിമല, ഡിവൈഎസ്പി ഹരിപ്രസാദ് തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു.
ഇന്ന് നടക്കുന്ന വോളി മേളയിൽ വനിതാ വിഭാഗത്തിൽ കെഎസ്ഇബി ഇൻകം ടാക്‌സ് ചെന്നൈയെ നേരിടും. പുരുഷ വിഭാഗത്തിൽ ഇന്ത്യൻ നേവി ബിപിസിഎല്ലിനെ നേരിടും
#Opparam #All #India #Volleyball #tournament #KSEB #BPCL #win