---
title: "കുഴി രൂപപ്പെട്ടു; കടത്തനാട്ടങ്കത്തിന്റെ തറ പൊളിച്ചില്ല, ഓപ്പൺ ജിംനേഷ്യം പ്ലാറ്റ്ഫോം തകർച്ചയുടെ വക്കിൽ"
english_title: " floor Kadathanatankam not demolished open gymnasium platform verge of collapse"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296490/floor-kadathanatankam-not-demolished-open-gymnasium-platform-verge-of-collapse"
published_at: "2025-06-16T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fb524b42f6_open_gymnashyam.jpg"
keywords: []
---

# കുഴി രൂപപ്പെട്ടു; കടത്തനാട്ടങ്കത്തിന്റെ തറ പൊളിച്ചില്ല, ഓപ്പൺ ജിംനേഷ്യം പ്ലാറ്റ്ഫോം തകർച്ചയുടെ വക്കിൽ

> **Lead Summary:** അഴിയൂർ: ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ കടത്തനാട്ടങ്കത്തിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് താൽക്കാലികമായി പണിത തറ പൊളിക്കാതത്തിനെ തുടർന്ന് ഓപ്പൺ ജിംനേഷ്യം പ്ലാറ്റ്ഫോം തകർച്ചയുടെ വക്കിൽ. ജിമ്മിന് സമീപം കുഴി രൂപപ്പെട്ടു.

## Article Content

അഴിയൂർ: ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ കടത്തനാട്ടങ്കത്തിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് താൽക്കാലികമായി പണിത തറ പൊളിക്കാതത്തിനെ തുടർന്ന് ഓപ്പൺ ജിംനേഷ്യം പ്ലാറ്റ്ഫോം തകർച്ചയുടെ വക്കിൽ. ജിമ്മിന് സമീപം കുഴി രൂപപ്പെട്ടു.

കെ.കെ.രമ എംഎൽഎയുടെ പ്രാദേശിക വികസന നിധിയിൽ നിന്നു മുന്ന് ലക്ഷം രൂപ ചെലവാക്കിയാണ് ഓപ്പൺ ജിംനേഷ്യം നിർമിച്ചത്. കനത്ത മഴയെ തുടർന്ന് വെള്ളം ഒഴുകി പോവാതെ തറക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇത് മൂലം ഗ്യാലറിയും സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ചുറ്റുമതിലും നിലം പൊത്തുന്ന സ്ഥിതി.

ഈയടുത്ത് വടകര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കടത്തനാട്ടങ്കം പരിപാടിയിൽ കളരി അഭ്യാസപ്രകടനം നടത്താനാണ് താൽക്കാലിക തറ നിർമിച്ചത്. അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കളിസ്ഥലത്ത് ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെയാണിത് സ്ഥാപിച്ചത്. എന്നാൽ പരിപാടി കഴിഞ്ഞ് ഒരു മാസമായിട്ടും തറ പൊളിച്ച് മാറ്റിയിട്ടില്ല. ഇതാണ് കനത്തമഴയിൽ വെള്ളം കയറി ജിംനേഷ്യത്തിന് ഭീഷണിയായത്.

ജിംനേഷ്യത്തിനായി നിർമിച്ച പ്ലാറ്റ്‌ഫോമിന് സമീപത്ത് നിന്നു മണ്ണ് നീക്കം ചെയ്യാണ് തറ സ്ഥാപിച്ചത്. പരിപാടി കഴിഞ്ഞ് ഇത്രയായിട്ടും ബ്ലോക്ക് പഞ്ചായത്ത് ഇതേവരെ ഗ്രൗണ്ട് പൂർവ്വസ്ഥിതിയിലാക്കിയിട്ടില്ല. തറ പൊളിച്ചുനീക്കാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് നിരന്തരം ആവശ്യപ്പെട്ടിട്ടും ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് അനക്കമില്ല.

ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഓപ്പൺ ജിംനേഷ്യം പ്ലാറ്റ്‌ഫോം തകർച്ചക്ക് കാരണമായ തറ പൊളിച്ച് മാറ്റാൻ അടിയന്തര നടപടിയെടുക്കണമെന്ന് ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റേഡിയം പൂർവസ്ഥിതിയിലാക്കാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകാൻ ജനകീയമുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.

ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ടി.സി രാമചന്ദ്രൻ വി പി കാശൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, യു എ റഹീം, വി കെ അനിൽകുമാർ, പി പി ഇസ്മായിൽ, ഹാരിസ് മുക്കാളി, സി ഇബ്രാഹിം, കെ കെ ഷെറിൻ കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296490/floor-kadathanatankam-not-demolished-open-gymnasium-platform-verge-of-collapse)