ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി കുടുബാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ നിന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിനെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ആശുപത്രി വികസന സമിതി യോഗത്തിൽ നിന്ന് ജനപ്രതിനിധികളും എൽ ഡി എഫ് അംഗങ്ങളും ഇറങ്ങിപ്പോയി.


ജില്ലാ പഞ്ചായത്ത് അംഗം എൻ എം വിമല , പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, മീത്തലെ കാട്ടിൽ നാണു, അശോകൻ പി.ടി എന്നിവരാണ് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.
നൂറ്കണക്കിന് രോഗികൾ ദിവസേന എത്തിച്ചേരുന്ന ആയഞ്ചേരി കുടുബാരോഗ്യേ കേന്ദ്രത്തിലെ സ്ഥലപരിമിതിയും, പ്രയാസങ്ങളും നേരിൽ കണ്ട് മനസ്സിലാക്കിയ കുറ്റ്യാടി എം എൽ എ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ വിഷയം ആരോഗ്യ വകുപ്പ് മന്ത്രിയെ ധരിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ എൻ എച്ച് എം ഫണ്ടിൽ ഉൾപ്പെടുത്തി 1.47 കോടി രൂപ അനുവദിച്ചിരുന്നു.
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം രണ്ട് കുടുബാരോഗ്യ കേന്ദ്രങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്. ടെണ്ടർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാനുള്ള ഘട്ടമായപ്പോൾ എൻ എച്ച് എം സർക്കാറിനെ അറിയിച്ചതനുസരിച്ച് തറക്കല്ലിടൽ ചടങ്ങിന് ആരോഗ്യ വകുപ്പ് മന്ത്രി എത്താമെന്ന് അറിയിക്കുകയും ചെയ്തതാണ്.
എൻ എച്ച് എം കോഴിക്കോട് ജില്ലാ മാനേജർ ഈ വിവരം രേഖാമൂലം കുടുബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറെ അറിയിക്കുകയും, മെഡിക്കൽ ഓഫീസർ പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നൽകുകയും ചെയ്തു.
എന്നാൽ പഞ്ചായത്ത് ഭരണസമിതി യോഗം എൽ ഡി എഫ് അംഗങ്ങളുടെ വിയോജനക്കുറിപ്പോടെ ഭൂരിപക്ഷ പ്രകാരം മന്ത്രിയെ ക്ഷണിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. ഈ പരിപാടി നടത്താൻ വേണ്ടി പഞ്ചായത്ത് ഓഫീസിൽ വിളിച്ചു ചേർത്ത ആശുപത്രി വികസന സമിതി യോഗത്തിൽ നിന്നാണ് എൽ ഡി എഫ് അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തിയത്.
പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ എൻ എം വിമല ഉദ്ഘാടനം ചെയ്തു. മീത്തലെ കാട്ടിൽ നാണു, വിനോദൻ പി.ടി.എന്നിവർ സംസാരിച്ചു.
Health Minister excluded hospital foundation stone laying ceremony LDF boycotts