വടകര: (vatakara.truevisionnews.com) ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പഴങ്കാവ് റോഡിനോട് ചേർന്ന് സോയിൽ നെയിലിംഗ് സംവിധാനത്തിൽ പാർശ്വഭിതി നിർമ്മിക്കുന്നത് അവസാനിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. മൂരാട്, മീത്തലെ മുക്കാളി, മടപ്പള്ളി ഭാഗങ്ങളിൽ റോഡിൻ്റ ഉയർന്ന ഭാഗങ്ങൾ സംരക്ഷിച്ച് നിർത്താൻ ഉപയോഗിച്ച് പരാജയപെട്ട സോയിൽ നെയിലിംഗാണ് പഴങ്കാവ് റോഡിനോട് ചേർന്ന് വീണ്ടും നിർമ്മിക്കുന്നതെന്ന് സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, ബാബു പറമ്പത്ത് എന്നിവർ യോഗത്തിൽ ഉന്നയിച്ചു.


കഴിഞ്ഞ കാലവർഷത്തിൽ മുരാട്, മീത്തലെ മുക്കാളി ഭാഗങ്ങളിൽ ഭയാനകമായ രീതിയിലാണ് ഈ സംവിധാനത്തിൽ നിർമ്മിച്ച കോൺക്രീറ്റ് ദിത്തികൾ ദേശീയപാതയിലേക്ക് ഇടിഞ്ഞ് വീണത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് സംഭവം. ഒരു വർഷം കഴിഞ്ഞിട്ടും മീത്തലെ മുക്കാളി തുടർ പ്രവർത്തി നടന്നിട്ടില്ല.
വിണ്ടും മഴക്കാലം വരുന്ന സാഹചര്യത്തിൽ ഈ ഭാഗത്ത് സംരക്ഷണത്തിനായി ശാസ്ത്രീയ നടപടി സ്വീകരിക്കാൻ ദേശീയ പാത അതോററ്റി തയ്യാറാവണമെന്ന് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രയോഗികമല്ലാത്ത നിർമ്മാണ രീതിക്കെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് ദേശീയപാത നിർമ്മാണ കമ്പനി വീണ്ടും സോയിൽ നെയിലിംഗുമായി രംഗത്ത് വന്നാൽ അനുവദിക്കില്ലെന്ന് സമിതി യോഗത്തിൽ ജനപ്രതിനിധികൾ വ്യക്തമാക്കി.
കഴിഞ്ഞ തവണ ഇത്തരത്തിൽ നിർമ്മിച്ച് തകർന്ന് വീണ ഭാഗങ്ങളിലെ മണ്ണ് നീക്കാനോ പുന:നിർമ്മിക്കാനോ നടപടികൾ ഉണ്ടായിട്ടില്ല ഇതിനിടെയാണ് മഴ കൂടുതലുള്ള പ്രദേശത്തിനു യോജിക്കാത്ത സോയിൽ നെയിലിംഗുമായി വീണ്ടും അധികൃതർ മുന്നോട്ട് പോകുന്നത്. മെയ് 31 ന് മുമ്പ് ജലജീവൻ മിഷ്യന്റെ ഭാഗമായി പെപ്പിടാൻ കുഴിച്ച റോഡുകൾ പുർവ്വസ്ഥിതിയാക്കുമെന്ന് വാട്ടർ അതോററ്ററി അധികൃതർ പറഞ്ഞു.
പണി പുർത്തികരിക്കാതെ പുതിയ പ്രവൃർത്തികൾ അനുവദിക്കില്ലെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ വ്യക്തമാക്കി. നഗരസഭയുടെ കിഴിലുള്ള നാളോം വയൽ. ശ്മാശനത്തിന്റെ പ്രവർത്തനം നിലച്ചത് സമിതി യോഗത്തിൽ ചർച്ചയായി. മരണം പ്നടന്നാൽ മറ്റ് പ്രദേശങ്ങളിലേക്ക് പോകേണ്ട സ്ഥിതി വന്നതായി പരാതി ഉയർന്നു.
പ്രശ്നം നഗര സഭയുടെ ശ്രദ്ധയിൽപ്പടുത്താനും തീരുമാനിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ എം വിമല, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ശ്രീജിത്ത് (ഒഞ്ചിയം), ടി കെ അഷറഫ് മണിയൂർ, സമിതി അംഗങ്ങളായ പുറന്തോടത്ത് സുകുമാരൻ , ബാബു ഒഞ്ചിയം ,പ്രദീപ് ചോമ്പാല, പി എം മുസ്തഫ,, ബാബു പറമ്പതത്,ടി വി ഗംഗാധരൻ,, സി കെ കരീം, ഡപ്യൂട്ടി താഹസിൽദാർ കെ ആർ ശാലിനി എന്നിവർ സംസാരിച്ചു
National Highway Construction Soil Nailing Project Should Be Stopped Taluk Development Committee