ആയഞ്ചേരി: കോരിച്ചൊരിയുന്ന മഴയത്തും ആവേശം അണമുറിയാതെ നടന്ന ഫുട്ബോൾ ടൂർണ്ണമെൻറ് നാടിന് ഉത്സവമായി. കടമേരി - കീരിയങ്ങാടി ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് അണ്ടർ 19 അഖില കേരള ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചത്.
കടമേരി എം.യു.പി. സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്ക് ആരംഭിച്ച കളി രാവിലെ ആറുമണിയോടെയാണ് അവസാനിച്ചത്. രാത്രി മുഴുവൻ ഉറക്കമൊഴിച്ചും കോരിച്ചൊരിയുന്ന മഴയെ അതിജീവിച്ചും കായികതാരങ്ങൾക്കും സംഘാടകർക്കുമൊപ്പം പ്രദേശത്തെ കായിക പ്രേമികളായ യുവാക്കളും മുതിർന്നവരും കളി വേണ്ടുവോളം ആസ്വദിച്ചു.
പ്ലെയേഴ്സ് മംഗലാട്, സ്ട്രൈഞ്ചേഴ്‌സ് പുറവൂർ, ഗ്രീൻ സ്റ്റാർ കീരിയങ്ങാടി, ക്രസൻ്റ് കാക്കുനി, ആക്ടീവ് ആക്ഷൻ പാറക്കടവ്, അറേബ്യൻ എഫ്. സി, ടൗൺ ബോയ്സ് പെരുവയൽ, ലോസ് ലോബോസ് കണ്ണൂർ, എ.ടി.കെ. ബ്രദേഴ്സ്, വൺsച്ച് കോഴിക്കോട്, ടെർമിനേറ്റേഴ്സ് ഈങ്ങാപ്പുഴ, ഉസ്മസ് അണിയാരം, കല്ലൂബോയ്സ് കൂർഗ്, ബ്രദേഴ്സ് തണ്ണീർപ്പന്തൽ, ബിറ്റ്സ് ആലുവ എന്നീ കേരളത്തിനകത്തും പുറത്തുമുള്ള 16 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.
ടൂർണ്ണമെൻറ് വാർഡ് മെമ്പർ ടി. കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ നവാസ് തറമൽ അധ്യക്ഷനായി. ചടങ്ങിൽ സിവിൽ പോലീസ് ഓഫീസറായി നിയമനം ലഭിച്ച ശാക്കിർ പുത്തലത്ത്, എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ. പ്ലസ് ലഭിച്ചവരെയും യു.എസ്.എസ്, എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയവരെയും ഉപഹാരം നൽകി അനുമോദിച്ചു.
ടി.കെ. നസീർ മാസ്റ്റർ, സി.എച്ച്. അഷറഫ്, ടി.എൻ. അബ്ദുന്നാസർ, സി. കെ. ഗഫൂർ, കെ. വി. അഹമ്മദ്, കുനിയിൽ ഹമീദ്, ഒ.റഷീദ് മാസ്റ്റർ, ബഷീർ ഒതയോത്ത്, കുയ്യാലിൽ മഹ്മൂദ് ഹാജി, എൻ.പി. സലീം, ഫഹദ് പറമ്പത്ത് എന്നിവർ സംസാരിച്ചു. കൺവീനർ ടി.കെ.കെ. ഇജാസ് സ്വാഗതവും ടി.കെ. കെ. നിസാർ നന്ദിയും പറഞ്ഞു.
മത്സരത്തിൽ ഉസ്മാസ് അണിയാരം ഓവറോൾ ചാമ്പ്യൻഷിപ്പും ലോസ് ലോബോസ് കണ്ണൂർ റണ്ണേഴ്സ് അപ്പും, ഗ്രീൻ സ്റ്റാർ കീരിയങ്ങാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Under 19 All Kerala Football Tournament kadameri