വടകര:(vatakara.truevisionnews.com) വടകരയിൽ കക്കൂസ് മാലിന്യം പൊതുസ്ഥലത്തേക്ക് ഒഴുക്കിയതിന് കെട്ടിട ഉടമയ്ക്ക് 50000 പിഴ. കക്കൂസ് മാലിന്യം പൊതു സ്ഥലത്തേക്ക് ഒഴുക്കുന്നുവെന്ന പരാതിയിൽ നഗര സഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി.
മാർക്കറ്റ് റോഡിൽ സെന്റ് ആന്റണീസ് സ്കൂളിന്റെ എതിർ വശത്തു നിന്നും ചോളം വയലിലേക്ക് പോകുന്ന റോഡിലേക്കാണ് തില്ലേരി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കക്കൂസ് മാലിന്യം ഒഴുക്കിയത്.


ദുർഗന്ധം കാരണം വ്യാപാരസ്ഥാപനങ്ങളിലുള്ളവരും യാത്രക്കാരും ബുദ്ധിമുട്ടിലായിരുന്നു. ദിവസവും വിദ്യാർത്ഥികളുൾപ്പടെ പോകുന്ന റോഡിലേക്കാണ് മലിനജലം ഒഴുകിയെത്തുന്നത്. പലരും ഇതിൽ ചവിട്ടിയാണ് നടന്നു പോകുന്നത്.
നിരവധി ജീവനക്കാർ പ്രവർത്തിക്കുന്ന ഈ ബാങ്കിൽ മൂന്ന് ശുചിമുറികൾ ഉണ്ട്. എന്നാൽ ഇവയ്ക്ക് ആവശ്യമായ വലിപ്പം ടാങ്കുകൾക്കില്ല. അതിനാലാണ് ടാങ്കുകൾ നിറഞ്ഞ് മാലിന്യം ഉൾപ്പടെ പുറത്തേക്കൊഴുകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
ആരോഗ്യ വിഭാഗം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളിൽ ശുചിമുറികൾ ഉപയോഗിക്കാൻ പാടില്ലെന്ന് നിർദ്ദേശം നൽകി അടച്ചതായി ക്ലീൻ സിറ്റി മാനേജർ രമേശൻ അറിയിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അജീന പി യും പരിശോധനയിൽ പങ്കെടുത്തു
Building owner fined Rs 50,000 for dumping toilet waste in public place in Vadakara