വടകര: (vatakaranews.in) മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥി സാരംഗ് രാജീവിന്റെ മാപ്പിളപാട്ട് നവമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. 'അമ്പിളി ചേലുള്ള അമ്പർ മണമുള്ള........ ഇമ്പത്തരുണിയായ് പൂമുത്ത് ഹാജറ' എന്ന തുടങ്ങുന്ന പാട്ടിന് മേമുണ്ട സ്കൂൾ ഫേസ്ബുക്ക് പേജിലൂടെ ശ്രോതാക്കളായെത്തിയത് ഏഴു ലക്ഷത്തിൽ പരം പേരാണ്.
7600 മുകളിൽ ഷെയറുകളും, 5000 കമന്റ്സും, 48000 ലൈക്കും പാട്ടിന് ലഭിച്ചു. ഇതുകൂടാതെ നിരവധി ഫേസ്ബുക്ക് ഐഡികളിലൂടെയും, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും പാട്ട് ഷെയർ ചെയ്യപ്പെട്ടു. കേരളത്തിലും വിദേശത്തുമായി നിരവധി ആരാധകരാണ് സാരംഗിന് ഈ പാട്ടിലൂടെ ലഭിച്ചത്. ഇന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഈ പാട്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്ത് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ്.
ബലിപെരുന്നാൾ ആശംസകളുമായി സാരംഗ് പാടിയ ഈ മാപ്പിള പാട്ട് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഫേസ്ബുക്ക് പേജിൽ ഇട്ടതോടുകൂടിയാണ് ഏവരും ശ്രദ്ധിക്കപ്പെട്ടത്. സാരംഗിന് പാട്ടിൽ ഗായകനായ അച്ഛൻ രാജീവൻ തന്നെയാണ് ഗുരു. ചെറുപ്പം മുതൽ സംഗീതത്തെ ഇഷ്ടപ്പെട്ട സാരംഗിനെ അച്ഛനാണ് നൃത്താജ്ഞലിയിൽ സംഗീതം ശാസ്ത്രീയമായി പഠിക്കാൻ ചേർത്തതും. കോവിഡ് കാലത്ത് ഇവർ രണ്ടു പേരും ചേർന്ന് പാടിയ അതിജീവന ഗാനം നവമാധ്യമങ്ങളിൽ വൈറലായിരുന്നു.
അന്ന് ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. അന്ന് സാരംഗിന് എല്ലാവിധ സഹായങ്ങളും ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. വീട്ടിൽ നിന്നും പാടുന്നത് മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്ത് നവ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു പതിവ്. മറ്റൊരു പാട്ട് പാടാനായി നാദാപുരം എഫ് എക്സ് സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ് യാദൃശ്ചികമായി ഇപ്പോൾ വൈറലായ മാപ്പിളപ്പാട്ട് പാടാൻ ഇടയായത്.
നാളെ പെരുന്നാളല്ലെ ഒരു മാപ്പിളപ്പാട്ട് പാടിക്കൂടെ എന്ന സ്റ്റുഡിയോ ഉടമയുടെ ആവശ്യം സാരംഗ് ഏറ്റെടുക്കുകയായിരുന്നു. ജയരാജ് സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന 'പ്രമദവനം' എന്ന ചിത്രത്തിൽ അച്ഛൻ രാജീവൻ എഴുതിയ ഒരു പാട്ട് സാരംഗ് പാടിയിട്ടുണ്ട്. സ്കൂൾ കലോത്സവ വേദികളിൽ നിരവധി സമ്മാനങ്ങളും സാരംഗിന് ലഭിച്ചിട്ടുണ്ട്. സാരംഗ് രാജീവിനെ കഴിഞ്ഞ ദിവസം മേമുണ്ട സ്കൂൾ സ്റ്റാഫ് അസോസിയേഷനുവേണ്ടി ഹെഡ്മാസ്റ്റർ പി കെ ജിതേഷ് അനുമോദിച്ചു. ഷെറീനയാണ് സാരംഗിന്റെ അമ്മ. വടകര കോട്ടപ്പള്ളിയാണ് സ്വദേശം.
#SarangRajeevan #won the applause of the #nation by bringing #Ishal's #honey drop to the #hearts of the #people